ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്; കേരളത്തിന്റെ ചുമതലയിൽ ജിഗ്നേഷ് മേവാനിയും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥി നിർണയം ഉൾപ്പെടെ മുൻനിർത്തി വിവിധ സ്ക്രീനിങ് കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി ഹരീഷ് ചൗധരിയെ നിയമിച്ചു. ജിഗ്‌നേഷ് മേവാനി ഉൾപ്പെടെ മറ്റു രണ്ടു പേരും സമിതിയിലുണ്ട്.
തെലങ്കാന, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒപ്പം ക്ലസ്റ്റർ ഒന്നിലാണ് കേരളം. ചെയർമാനായ ഹരീഷ് ചൗധരിക്കും ജിഗ്‍നേഷ് മേവാനിക്കും പുറമേ വിശ്വജീത് കദമാണ് ഈ ക്ലസ്റ്ററിലെ സമിതിയിലെ മൂന്നാമൻ.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ആൻഡമാൻ നിക്കോബാർ എന്നിവയുൾപ്പെടെ രണ്ടാം ക്ലസ്റ്ററിന്റെ ചുതലയുള്ള സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ്. സൂരജ് ഹെഗ്ഡെ, കേരളത്തിൽ നിന്നുള്ള ഷാഫി പറമ്പിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഡൽഹി, ദമൻ ആൻഡ് ദിയു, ദാദ്ര നഗർഹവേലി എന്നിവയുൾപ്പെടെുന്ന ക്ലസ്റ്ററിന്റെ ചുതലയുള്ള സമിതിയെ രജനി പാട്ടീൽ നയിക്കും. കൃഷ്ണ അലാവുരു, പർഗത് സിങ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക് എന്നിവയാണ് ക്ലസ്റ്റർ നാലിലുള്ളത്. ഈ ക്ലസ്റ്ററിന്റെ ചുമതല ഭക്ത ചരൺ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ്. നീരജ് ദാംഗി, യശോമതി താക്കൂർ എന്നിവരാണ് സമിതി അംഗങ്ങൾ.
ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, അസം, അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറം, മേഘാലയ, നാഗാലൻഡ്, ത്രിപുര, സിക്കിം എന്നിവയുൾപ്പെടുന്ന ക്ലസ്റ്റർ അഞ്ചിന്റെ ചുമതല റാണാ കെ.പി. സിങ്ങിനാണ്. ജയ്‌വർധൻ സിങ്, ഇവാൻ ഡിസൂസ എന്നിവരാണ് സമിതി അംഗങ്ങൾ.