അനധികൃത കെട്ടിടനിർമാണം: പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ നടപടിയെന്ന് സർക്കാർ
Mail This Article
ചെന്നൈ ∙ കൊടൈക്കനാലിൽ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കെട്ടിടങ്ങൾ നിർമിച്ച നടന്മാരായ പ്രകാശ് രാജ്, ബോബി സിംഹ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഹമ്മദ് ജുനൈദ് എന്നയാൾ ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ നൽകിയ ഹർജി പരിഗണിക്കവേയാണു സർക്കാർ നിലപാട് അറിയിച്ചത്.
മാനദണ്ഡങ്ങൾ പാലിക്കാതെയും സർക്കാർ അനുമതി വാങ്ങാതെയുമാണു കെട്ടിടങ്ങൾ പണിയുന്നതെന്നും ഇതുമൂലം മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചതായും ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും കേസിൽ ഹാജരായ സർക്കാർ അഭിഭാഷകർ പറഞ്ഞു. ഇരുകൂട്ടർക്കുമെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട ജഡ്ജി, കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. റവന്യു വകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.