മുന്നറിയിപ്പ് ഫലിച്ചു; തട്ടിയെടുത്ത ചരക്കുകപ്പൽ ഉപേക്ഷിച്ച് കടൽകൊള്ളക്കാർ, എല്ലാ ജീവനക്കാരും സുരക്ഷിതർ
Mail This Article
ന്യൂഡല്‍ഹി∙ അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ‘എംവി ലില നോർഫോൾക്’ എന്ന ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിൽ കടന്ന ഇന്ത്യൻ കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സൊമാലിയൻ തീരത്തുനിന്നാണ് ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലില നോർഫോൾക്ക്’ എന്ന കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയത്.
യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയിൽ ആണ് കമാൻഡോകൾ തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകിട്ട് 3.30ഓടെ കപ്പൽ തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ബ്രസീലിലെ ഡുവാക്കോ തുറമുഖത്തുനിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്കു പോയ കപ്പലാണ് വ്യാഴാഴ്ച വൈകിട്ടോടെ കടൽക്കൊള്ളക്കാർ റാഞ്ചിയത്. ആയുധധാരികളായ 5–6 പേർ കപ്പലിനുള്ളിൽ കടന്നതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ഡ്രേഡ് ഓപ്പറേഷൻസിൽ (യുകെഎംടിഒ) ചരക്കുകപ്പലിൽനിന്ന് വൈകിട്ടു തന്നെ സന്ദേശം ലഭിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയും ഡ്രോണുകളും മാരിടൈം പട്രോൾ എയർക്രാഫ്റ്റ് പി–81ഉം ഉൾപ്പെടെയുള്ളവയെ രക്ഷാദൗത്യത്തിനായി ഇന്ത്യ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തന്നെ നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു.
ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ കപ്പലിനുള്ളിൽ കടന്നിരുന്നു. നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ മറീൻ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിൽ കടന്നതായി നാവികസേന സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിച്ചത്.
യുദ്ധക്കപ്പലിൽനിന്നും പറന്നുയർന്ന ഹെലികോപ്റ്ററിലൂടെ, തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യൻ നാവികസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യൻ കമാൻഡോകൾ നിലപാടു കടുപ്പിച്ചതോടെ കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പോവുകയായിരുന്നു.