15 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: മുന്‍ ബിസിനസ് പങ്കാളികൾക്കെതിരെ പരാതി നൽകി എം.എസ്.ധോണി
Mail This Article
ന്യൂഡൽഹി ∙ 15 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു കാണിച്ച്, മുൻ ബിസിനസ് പങ്കാളികൾക്കെതിരെ പരാതി നൽകി ക്രിക്കറ്റ് താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായ എം.എസ്.ധോണി. ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപന ഉടമകളായ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചിയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. 2017ല്‍ ഒപ്പുവച്ച ബിസിനസ് ഉടമ്പടി കമ്പനി ലംഘിച്ചെന്ന് ധോണി പരാതിയിൽ പറയുന്നു.
ഇന്ത്യയിലും വിദേശത്തും ധോണിയുടെ പേരിൽ ക്രിക്കറ്റ് അക്കാദമികൾ ആരംഭിക്കാനായാണ് ഇരു കക്ഷികളും തമ്മിൽ 2017ൽ ധാരണയായത്. പലയിടത്തും ക്രിക്കറ്റ് അക്കാദമികൾ തുടങ്ങിയ കമ്പനി, കരാർ പ്രകാരമുള്ള ലാഭവിഹിതം ധോണിക്ക് നൽകിയില്ല. പലയിടത്തും താരത്തിന്റെ അറിവില്ലാതെയാണ് അക്കാദമികൾ ആരംഭിച്ചത്. ഇതോടെ 2021 ഓഗസ്റ്റ് 15ന് കരാറിൽനിന്ന് പിൻവാങ്ങിയതായും പരാതിയിൽ പറയുന്നു.
കരാറിൽനിന്ന് ധോണി പിൻവാങ്ങിയിട്ടും താരത്തിന്റെ പേരില്‍ വീണ്ടും സ്പോർട്സ് കോംപ്ലക്സുകളും അക്കാദമികളും ആരംഭിക്കുകയും ഇക്കാര്യം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. കരാർ ലംഘനത്തിലൂടെ ധോണിക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായി അഭിഭാഷകൻ മുഖേന നൽകിയ പരാതിയില്‍ പറയുന്നു. അതേസമയം കമ്പനി വെബ്സൈറ്റിൽ ഇപ്പോഴും ധോണിയുടെ ഫോട്ടോയാണ് കവർ ചിത്രമായി നൽകിയിട്ടുള്ളത്. സ്ഥാപനത്തിന്റെ ഉപദേശകൻ ധോണിയാണെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്.