ADVERTISEMENT

മുംബൈ ∙ ഭഗവാൻ ശ്രീരാമൻ മാംസാഹാരിയായിരുന്നെന്നും മൃഗങ്ങളെ വേട്ടയാടിയിരുന്നെന്നും എൻസിപി ശരദ് പവാർ വിഭാഗം എംഎൽഎ ജിതേന്ദ്ര ആവാഡ് നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം. ശ്രീരാമനെ അപമാനിച്ചതിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും എൻസിപി അജിത് പക്ഷവുമടക്കം രംഗത്തെത്തിയതോടെ ആവാഡ് ഖേദപ്രകടനം നടത്തി. 

വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണ് പരാമർശമെന്ന് വിശദീകരിച്ച് പ്രസ്താവനയെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയരുകയും ബിജെപി അടക്കമുള്ള പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് അദ്ദേഹം മാപ്പു പറഞ്ഞത്. വസ്തുതകളെക്കാൾ വികാരങ്ങൾക്കാണ് ഇപ്പോൾ സ്ഥാനമെന്നും ആവാഡ് കൂട്ടിച്ചേർത്തു.

ബുധനാഴ്ച ഷിർഡിയിൽ പാർട്ടി പരിപാടിക്കിടെയായിരുന്നു വിവാദപ്രസ്താവന. ‘‘ഹൈന്ദവരിൽ മാംസാഹാരം കഴിക്കുന്ന ബഹുജൻ വിഭാഗത്തിൽപെട്ടയാളാണ് ശ്രീരാമൻ. മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നയാളാണ്. നിങ്ങൾ (ബിജെപി) ഞങ്ങളെ സസ്യാഹാരികളാക്കി മാറ്റുകയാണ്. എന്നാൽ, ഞങ്ങൾ രാമന്റെ പാത പിന്തുടർന്ന് ആട്ടിറച്ചിയും മറ്റും കഴിക്കുന്നു. 14 വർഷം കാട്ടിൽ കഴിഞ്ഞ ഒരാൾക്ക് എങ്ങനെ സസ്യാഹാരിയായി തുടരാൻ കഴിയും?’– എന്നായിരുന്നു ആവാഡിന്റെ പരാമർശം. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.

ആവാഡിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ താനെയിലെ വസതിയിലേക്ക് എൻസിപി അജിത് പവാർ വിഭാഗം മാർച്ച് നടത്തി. വിഷയം ഏറ്റെടുത്ത ബിജെപി വിവിധയിടങ്ങളിൽ പ്രകടനം നടത്തി. തുടർന്ന്, ബിജെപി എംഎൽഎ രാം കദം ഘാട്കോപ്പർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ 22ന് സംസ്ഥാനത്ത് മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് ആവാഡിന്റെ വിവാദപ്രസ്താവന.

English Summary:

NCP leader apologises after row over his 'Lord Ram was non-vegetarian' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com