മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം: ഹർജി സുപ്രീം കോടതി തള്ളി
Mail This Article
ന്യൂഡൽഹി∙ മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യം പൊതുതാൽപര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിരവധി സിവില്‍ ഹര്‍ജികളുള്ളതിനാല്‍ പൊതുതാല്പര്യ ഹര്‍ജിയായി ആവശ്യം പരിഗണിക്കാനാവില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സിവില്‍ ഹര്‍ജി നല്‍കാമെന്നും അഭിഭാഷകനായ മഹേക്ക് മഹേശ്വരിയോടു കോടതി പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അവിടെ കൃഷ്ണഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
ഉത്തര്‍പ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി മുൻപ് അനുമതി നൽകിയിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതെന്നും ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും അവകാശപ്പെട്ടാണ് ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.