ബംഗ്ലദേശിൽ ട്രെയിനില് തീപിടിത്തം, 5 പേർ മരിച്ചു; തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം
Mail This Article
ധാക്ക ∙ ബംഗ്ലദേശിൽ പാസഞ്ചർ ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. പടിഞ്ഞാറൻ നഗരമായ ജെസ്സോറിൽനിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്. പ്രതിപക്ഷം ദേശീയ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ എക്സ്പ്രസ് ട്രെയിനിന്റെ നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു.
ധാക്കയിലെ മെഗാസിറ്റിയിൽ മെയിൻ റെയിൽ ടെർമിനലിനു സമീപമുള്ള ഗോപിബാഗിൽവച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കത്തുന്ന ട്രെയിനിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാർ ഓടിയെത്തിയെന്നും എന്നാൽ തീ പെട്ടെന്ന് പടരുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഏതാനും ഇന്ത്യൻ പൗരന്മാരും ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങൾ സംശയിക്കുന്നതായി പൊലീസ് മേധാവി അൻവർ ഹൊസൈൻ പ്രതികരിച്ചു. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവം നാല് പേരുടെ മരണത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷത്തെ ബംഗ്ലദേശ് നാഷനൽ പാർട്ടിയാണ് (ബിഎൻപി) അന്നത്തെ തീവയ്പ്പിന് പിന്നിലെന്ന് പൊലീസും സർക്കാരും ആരോപിച്ചു. എന്നാൽ ബിഎൻപി ആരോപണം നിഷേധിക്കുകയാണുണ്ടായത്.
ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഎൻപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ക്രമക്കേട് ആരോപിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ആയിരക്കണക്കിനു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.