‘സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും’: ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് ഗവർണർ
Mail This Article
തിരുവനന്തപുരം∙ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുമെന്നു ഗവർണർ പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് പൊലീസ് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് എൽഡിഎഫ് സർക്കാരിനു കീഴിലാണ്. തനിക്കെതിരെ പ്രതിഷേധം നടത്തുന്നതും സർക്കാരിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം പുതുവർഷത്തിൽ ആരംഭിക്കുന്നത്. ജനുവരി 25നു സമ്മേളനം വിളിക്കാനാണു സർക്കാർ ആലോചന. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വിയോജിപ്പു രേഖപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ മുൻപ് വായിച്ചിട്ടുണ്ട്. സർക്കാരിന്റെ നയങ്ങളോടു ഗവർണർ പരസ്യമായി വിയോജിപ്പു പ്രകടിപ്പിക്കുന്ന സന്ദർഭത്തിൽ, നയപ്രഖ്യാപന പ്രസംഗത്തിലെ പരാമർശങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാടു നിർണായകമാകും.
മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണു ഗവർണർ വായിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ വിമർശിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്നു സൂചനയുണ്ട്. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങളുമുണ്ടാകും. അതെല്ലാം ഗവർണർ വായിക്കാതെ വിടുമോ, അതോ വിയോജിപ്പ് രേഖപ്പെടുത്തി വായിക്കുമോ എന്നതിലാണ് ആകാംക്ഷ.