കശ്മീരി പണ്ഡിറ്റിനെയും ഇതര സംസ്ഥാന തൊഴിലാളികളെയും വധിച്ച ഭീകരനെ വെടിവച്ചുകൊന്നു
Mail This Article
ശ്രീനഗർ∙ കശ്മീരി പണ്ഡിറ്റിനെയും ഇതര സംസ്ഥാന തൊഴിലാളികളെയും സൈനികനെയും വധിച്ച കേസിൽ പ്രതിയായ ലഷ്കർ ഭീകരനെ വെടിവച്ചു കൊന്നു. ഷോപിയാൻ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലിൽ ബിലാൽ അഹ്മദ് ഭട്ട് എന്ന ഭീകരൻ കൊല്ലപ്പെട്ടത്.
ചോടിഗാം പ്രദേശത്ത് പൊലീസും സിആർപിഎഫും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഒളിവിൽ കഴിയുകയായിരുന്ന ബിലാലിനെ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായി. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രദേശവാസികൾക്ക് സുരക്ഷാ സേന മുന്നറിയിപ്പ് നൽകി.
സൈനിക ഉദ്യോഗസ്ഥനായ ഉമർ ഫയാസിന്റെ കൊലപാതകത്തിലുൾപ്പെടെ ബിലാലിനു പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഗ്രനേഡ് ആക്രമണത്തിൽ വധിച്ചതിനു പിന്നിലും ബിലാലാണ്. കശ്മീരി പണ്ഡിറ്റ് സുനിൽ കുമാർ ഭട്ടിന്റെ കൊലപാതകത്തിലും ബിലാലിനു പങ്കുണ്ട്. 12 യുവാക്കളെയെങ്കിലും ബിലാൽ ഭീകര സംഘടനയിലേക്കു ചേർത്തിട്ടുണ്ട്.
ഏകദേശം 25 വയസ്സുള്ള ബിലാൽ ഷോപിയാനിലെ ചെക് ചോലൻ സ്വദേശിയാണ്.