പതിനെട്ടാംപടി കയറാൻ കാത്തിരിപ്പ് 18 മണിക്കൂർ; കുരുക്കായി മഴയും, തിരക്കിൽ വീർപ്പുമുട്ടി പമ്പ
Mail This Article
ശബരിമല∙ പതിനെട്ടാംപടി കയറാൻ 18 മണിക്കൂർ വരെ നീണ്ട കാത്തുനിൽപ്. രാവിലെ പെയ്ത മഴ തീർഥാടകരുടെ മലകയറ്റവും ഇറക്കവും ബുദ്ധിമുട്ടിലാക്കി. മകരവിളക്കിനു നട തുറന്ന ശേഷം പതിനെട്ടാംപടി കയറാൻ തീർഥാടകർ ഇത്രയേറെ കാത്തുനിന്നതു കഴിഞ്ഞ രണ്ടുദിവസമാണ്.
വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാവിലെ വരെ തുടർന്നു. അതിനാൽ പുലർച്ചെ മൂന്നിനു നട തുറന്നപ്പോൾ ദർശനം ആഗ്രഹിച്ചു മല കയറിയവർക്കു സമയത്ത് എത്താനും കഴിഞ്ഞില്ല. വ്യാഴം വൈകിട്ട് മൂന്നിനു പമ്പയിൽ നിന്നു മലകയറി തുടങ്ങിയ തീർഥാടക സംഘങ്ങൾ ഇന്നലെ രാവിലെ 10നു ശേഷമാണു സന്നിധാനത്ത് എത്തിയത്. ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ ക്രമാതീതമായ തിരക്കായിരുന്നു. നിയന്ത്രിക്കാൻ പൊലീസിനും ഏറെ പണിപ്പെടേണ്ടി വന്നു.
തിരക്കിൽ വീർപ്പുമുട്ടുകയാണു പമ്പ. നിയന്ത്രണം തുടങ്ങിയതോടെ മണപ്പുറം തിങ്ങിനിറഞ്ഞു. കാത്തുനിന്നു മടുത്തവർ പ്രധാന വഴി വിട്ട് അയ്യപ്പ സേവാ സംഘത്തിനു സമീപത്തെ പടിക്കെട്ടു വഴി ഗണപതികോവിൽ ഭാഗത്തേക്കു പോകാൻ ശ്രമം നടത്തി. ഇവരെ എല്ലാം പൊലീസ് പിന്തിരിപ്പിച്ചു പ്രധാന ക്യൂവിലേക്കു മാറ്റി. എന്നാൽ ചില സമയങ്ങളിൽ ഇരുനൂറിലെറെപ്പേർ ഒരുമിച്ചു കയറിപ്പോകാൻ ശ്രമം നടത്തിയപ്പോൾ പൊലീസിനു പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
മഴ പെയ്താൽ സന്നിധാനത്തിൽ നനയാതെ നിൽക്കാൻ പറ്റുന്ന സൗകര്യം കുറവാണ്. എല്ലാവരും ഓടി എത്തുന്നതു വലിയ നടപ്പന്തലിലേക്കാണ്. പകുതിയിലേറെ ഭാഗത്തു പതിനെട്ടാംപടി കയറാനുള്ള ക്യൂവാണ്. ബാക്കി വരുന്ന സ്ഥലത്ത് നടന്നു പോകാനുള്ള വഴിയിടാതെ തീർഥാടകർ തിങ്ങി നിറഞ്ഞു. സന്നിധാനം വലിയ നടപ്പന്തലിലും ക്യൂവിലും തീർഥാടകർക്കു ചുക്കുവെള്ളവും 2 ബിസ്കറ്റും നൽകുന്നുണ്ട്. ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞു വരുന്നവർക്ക് ഇത് ചെറിയ ആശ്വാസം മാത്രമാണ്. പടി കയറാൻ 18 മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നതോടെ രോഗികൾക്കു യഥാസമയം മരുന്നുകൾ കഴിക്കാൻ പോലും പറ്റാതെ വന്നു. പ്രാഥമികാവശ്യത്തിനു ക്യൂവിൽ നിന്നു പുറത്തു പോകാൻ കഴിയാതെ വരുന്നുണ്ടെന്നും പരാതിയുണ്ട്.
മൂന്നുലക്ഷം ഡപ്പി എത്തിച്ചെങ്കിലും തീരാതെ അരവണ പ്രതിസന്ധി
ശബരിമല∙ മൂന്ന് ലക്ഷം ഡപ്പി എത്തിയതായി ദേവസ്വം ബോർഡ് പറയുന്നുണ്ടെങ്കിലും അരവണ പ്രതിസന്ധി ഇന്നലെയും തുടർന്നു. അരവണ വാങ്ങാൻ കൊച്ചുകുട്ടികൾ വരെ ക്യൂ നിൽക്കേണ്ടി വന്നു.
അരവണ പ്രതിസന്ധി തുടങ്ങിയിട്ടു തുടർച്ചയായ ഏഴാം ദിവസമായിരുന്നു ഇന്നലെ. ഇന്നലെയും ഒരാൾക്ക് 2 ടിൻ അരവണ മാത്രമാണു നൽകിയത്. മണ്ഡല കാലത്ത് ഒരു ദിവസം 3.5 ലക്ഷം ഡപ്പി അരവണ വരെ വിറ്റഴിച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ നിയന്ത്രണമില്ലാതെ വിൽപന നടത്തിയാൽ ഒരു ദിവസത്തെ ആവശ്യത്തിനു തികയില്ല.
നിയന്ത്രണം വന്നതോടെ, തീർഥാടക സംഘങ്ങളിലെ മുഴുവൻ അംഗങ്ങളും ക്യൂ നിൽക്കുന്ന കാഴ്ചയാണു സന്നിധാനത്ത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ വരെ അരവണ വാങ്ങാൻ ക്യു നിർത്തേണ്ട സ്ഥിതിയിലായിരുന്നു. ഡപ്പി ക്ഷാമം പരിഹരിക്കാൻ ദേവസ്വം ബോർഡ് 2 കമ്പനികൾക്ക് 30 ലക്ഷത്തിന്റെ കരാർ നൽകിയിരുന്നു. അവർ ആദ്യഗഡുവായി വ്യാഴാഴ്ച വൈകിട്ട് 3 ലക്ഷം ഡപ്പി പമ്പയിൽ എത്തിച്ചു. എന്നാൽ, രാത്രിയിലെ തുടർച്ചയായ മഴ കാരണം ഇവ ട്രാക്ടറിൽ കയറ്റി സന്നിധാനത്ത് എത്തിക്കാൻ കഴിഞ്ഞില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.