ഭീകരർക്ക് ‘താടി വച്ച’ പേടിസ്വപ്നം, ‘താജി’ൽ ആദ്യം തിരിച്ചടിച്ചവർ; ആരാണ് കടൽക്കൊള്ളക്കാരെ തുരത്തിയ ‘മാർകോസ്’?
Mail This Article
ന്യൂഡൽഹി∙ അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം വിജയകരമായി തടഞ്ഞ് രാജ്യത്തിന്റെ അഭിമാനമായി മാറിയ കമാൻഡോ സംഘം – ‘മാർകോസ്’. അറബിക്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ റാഞ്ചാൻ കടൽക്കൊള്ളക്കാർ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞയുടൻ അവിടേക്ക് ഇരച്ചെത്തിയ ഈ ‘മാർകോസ്’ ആരാണ്? ഇന്ത്യൻ നാവിക സേനയ്ക്കു കീഴിലുള്ള മറീൻ കമാൻഡോസാണ് ‘മാർകോസ്’ എന്ന് അറിയപ്പെടുന്നത്. ശാരീരികമായി ഏറ്റവും കരുത്തുള്ളവരെയാണു ‘മാർകോസ്’ സംഘത്തിലുൾപ്പെടുത്തുന്നത്. എൻഎസ്ജി, ഗരുഡ്, പാരാ കമാൻഡോസ്, ഫോഴ്സ് വൺ ഉൾപ്പെടെയുള്ള രാജ്യത്തെ കരുത്തുറ്റ കമാൻഡോ സംഘങ്ങളിൽ ഒന്നാണ് ‘മാർകോസും’. മുംബൈയിലെ ഐഎൻഎസ് അഭിമന്യുവാണ് ഇവരുടെ ആസ്ഥാനം.
ഇന്ത്യൻ നാവികസേനയിലെ കരുത്തരെ ഉൾപ്പെടുത്തി 1987 ലാണ് ‘മാർകോസ്’ രൂപീകരിച്ചത്. യുഎസ് നേവിയുടെ കമാൻഡോ വിഭാഗമായ ‘സീലി’ന്റെ മാതൃകയിലായിരുന്നു ‘മാർകോസി’ന്റെ രൂപീകരണം. അതീവ ദുഷ്കരമായ പരിശീലനം പൂർത്തിയാക്കിയാണു കമാൻഡോകൾ ‘മാർകോസി’ന്റെ ഭാഗമാകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ അവസരോചിതമായി ഇടപെടുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മികവുള്ള സംഘമാണിത്. കടലിൽ മാത്രമല്ല, വ്യോമ–കര മേഖലകളും ഉൾപ്പെടുന്ന സംയുക്ത പ്രവർത്തന മേഖലയിലും തിളങ്ങാൻ ഇവർക്കാകും. ‘ദ് ഫ്യൂ ദ് ഫിയർലെസ്’ എന്നതാണ് ഇവരുടെ മോട്ടോ. സ്വതവേ ദുഷ്കരമായ കടൽ മാർഗങ്ങളിലൂടെയുള്ള ദ്രുതനീക്കങ്ങളാണ് ഇവരുടെ പ്രത്യേകത. അത്യാധുനിക ആയുധങ്ങളുപയോഗിക്കാനും സുസജ്ജരാണ്.
ജമ്മു കശ്മീർ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ ഓപ്പറേഷനുകളിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നവരാണ് ഇവർ. ഇന്ത്യ – പാക്ക് അതിർത്തിയിൽ ഝലം നദിയിലൂടെയും നിയന്ത്രണരേഖയ്ക്കു സമീപം വൂളാർ തടാകത്തിലൂടെയുമുള്ള കടന്നുകയറ്റശ്രമങ്ങളെ നേരിടുന്നതിലാണ് പ്രധാന ശ്രദ്ധ. ഇതിന്റെ ഭാഗമായി, കശ്മീരിൽ സാധാരണക്കാരുടെ വേഷത്തിൽ അണ്ടർകവർ ദൗത്യങ്ങളും ഉണ്ടാകും. ഈ വർഷം ആദ്യം ജി20 സമ്മേളനത്തിനു മുന്നോടിയായി ദാൽ തടാകത്തിലും ഇവരെ സുരക്ഷയ്ക്കു നിയോഗിച്ചിരുന്നു. ചൈനീസ് അതിർത്തിയിലെ പാങ്ങോങ് സോ തടാകമേഖലയിലും ഇവരെ സുരക്ഷയ്ക്കു നിയോഗിക്കാറുണ്ട്.
ഇന്ത്യൻ സൈന്യത്തിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദമുള്ള സൈനിക വിഭാഗമാണ് മാർകോസ്. സാധാരണക്കാർക്കിടയിൽ, തിരിച്ചറിയപ്പെടാതെ പ്രവർത്തിക്കുന്നതിനുള്ള തന്ത്രമാണിത്. താടിവച്ച് സാധാരണക്കാർക്കിടയിലും ജീവിക്കുന്ന ഇവരെ ഭീകരർ ഉൾപ്പെടെയുള്ളവർ ‘താടിക്കാരുടെ സൈന്യ’മെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇവർ ഭീകരരുടെ പേടിസ്വപ്നവുമാണ്.
ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് പലവട്ടം കയ്യടി നേടിയിട്ടുള്ളവരാണ് മാർകോസ്. മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയപ്പോൾ, ഭീകരരെ നേരിടാൻ സ്വജീവൻ തൃണവൽഗണിച്ചും ആദ്യം രംഗത്തിറങ്ങിയവരിൽ മുംബൈ പൊലീസിനൊപ്പം മാർകോസ് കമാൻഡോകളുമുണ്ടായിരുന്നു. എൻഎസ്ജി കമാൻഡോകൾ എത്തുന്നതുവരെ താജ് ഹോട്ടലിൽ ഭീകരരെ നേരിട്ടതും അവർ തന്നെ.
ശ്രീലങ്കൻ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട 1980 കളിൽ ‘ഓപ്പറേഷൻ പവൻ’ എന്ന പേരിൽ മാർകോസ് നടത്തിയ ദൗത്യം ശ്രദ്ധേയമായി. എൽടിടിയെ ഒതുക്കി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലും മാർകോസിന്റെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്.
∙ അറബിക്കടലിൽ സംഭവിച്ചത്...
അറേബ്യൻ കടലിലെ കൊള്ളസംഘങ്ങളെ നിലയ്ക്കു നിർത്താനും സുപ്രധാന കടൽപാതകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം ഉറക്കെ പ്രഖ്യാപിച്ചാണ്, ലൈബീരിയൻ പതാകയുള്ള ‘എംവി ലില നോർഫോക്’ എന്ന കപ്പലിൽ കടന്നുകയറിയ കടൽക്കൊള്ളക്കാരെ ‘മാർകോസ്’ തുരത്തിയത്. ആയുധധാരികളായ അഞ്ചോ ആറോ പേർ കപ്പലിൽ കടന്നുകയറിയതായി ബ്രിട്ടിഷ് മാരിടൈം ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് (യുകെഎംടിഒ) ലഭിച്ച സന്ദേശം ഇന്ത്യയ്ക്ക് കൈമാറിയ ഉടൻ തന്നെ ‘മാർകോസ്’ ഏതു നടപടിക്കും സുസജ്ജരായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ, കടലിൽ സ്ഥിരം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് ചെന്നൈ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്കു തിരിച്ചു. ഇന്നലെ വൈകുന്നേരം 3.15നാണ് ഐഎൻഎസ് ചെന്നൈ എംവി ലിലക്കു സമീപമെത്തിയത്. സേനയുടെ പി–8ഐ വിമാനവും പ്രിഡേറ്റർ ഡ്രോണും തുടർച്ചയായി ആകാശനിരീക്ഷണം നടത്തി. ഉടൻ കപ്പലിൽനിന്നു പോകണമെന്ന് കൊള്ളക്കാർക്കു മുന്നറിയിപ്പു നൽകി.
തുടർന്ന് കമാൻഡോകൾ ചെറുബോട്ടിലെത്തി കപ്പലിലേക്ക് കയറി. കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. കടൽക്കൊള്ളക്കാർ വന്നാൽ അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരുന്ന ജീവനക്കാരെ കണ്ടെത്തുകയും ചെയ്തു.