3 ഉപമുഖ്യമന്ത്രിമാർകൂടി വേണം: കർണാടക കോൺഗ്രസിൽ ആവശ്യം ശക്തം, എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടും
Mail This Article
ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യം കർണാടക കോൺഗ്രസിൽ ശക്തമാകുന്നു. തിരഞ്ഞെടുപ്പിൽ എല്ലാ സമുദായങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ 3 ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടാൻ ഒരു വിഭാഗം മന്ത്രിമാർ തീരുമാനിച്ചു. കർണാടക പിസിസി പ്രസിഡന്റ് കൂടിയായ ഡി.കെ.ശിവകുമാറാണു സിദ്ധരാമയ്യ സർക്കാരിലെ ഏക ഉപമുഖ്യമന്ത്രി.
എന്നാൽ ലിംഗായത്ത്, ദലിത്, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നായി മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്നാണ് ആവശ്യം. മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, ഡോ.ജി.പരമേശ്വര, എച്ച്.സി.മഹാദേവപ്പ, കെ.എച്ച്.മുനിയപ്പ, ദിനേഷ് ഗുണ്ടുറാവു, കെ.എൻ.രാജണ്ണ എന്നിവരാണു നീക്കത്തിനു പിന്നിൽ. ഇതിനായി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുമായി കൂടിക്കാഴ്ച നടത്തുമെന്നു കെ.എൻ.രാജണ്ണ പറഞ്ഞു. കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതു തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സാധ്യതകൾ വർധിപ്പിക്കുമെന്നു സതീഷ് ജാർക്കിഹോളിയും പ്രതികരിച്ചു. എന്നാൽ ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നേരത്തേ ചില കോൺഗ്രസ് എംഎൽഎമാർ ഉൾപ്പെടെ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് എഐസിസി കർശന നിർദേശം നൽകിയിരുന്നു.