4 ജീവനുകൾ പൊലിഞ്ഞ കുസാറ്റ് അപകടം: പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു
Mail This Article
കൊച്ചി∙ കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകര്‍ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ.എന്‍. ബിജു എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് കേസ്.
പരിപാടിക്ക് പൊലീസിന്റെ സഹായം തേടിയുള്ള പ്രിൻസിപ്പലിന്റെ കത്ത് കൈമാറാതിരുന്ന റജിസ്ട്രാറുടെ നടപടിയും പരിശോധിക്കും. റജിസ്ട്രാറുടെ ഓഫിസിനു വലിയ വീഴ്ചയുണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു നവംബർ 25നാണു നാലുപേർ മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി (22), ആൻ റിഫ്ത റോയി (21), സാറാ തോമസ് (22) എന്നിവരും പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിനും (22) ആണ് മരിച്ചത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവർ തിക്കിലും തിരക്കിലുംപെടുകയായിരുന്നു.