ബിടിഎസിനെ കാണാൻ വീടുവിട്ടിറങ്ങി; 3 പെൺകുട്ടികളെ കട്പാടി സ്റ്റേഷനിൽനിന്ന് കണ്ടെത്തി
Mail This Article
ചെന്നൈ∙ കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണാൻ വീടുവിട്ടിറങ്ങിയ മൂന്നു പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂർ സ്വദേശികളാണ് 13 വയസ്സുകാരായ പെൺകുട്ടികൾ. കട്പാടി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. വിശാഖപട്ടണത്തെത്തി അവിടെനിന്ന് കപ്പലിൽ കൊറിയയിലേക്കു കടക്കാനായിരുന്നു പദ്ധതി. 14,000 രൂപയുമായാണ് കുട്ടികൾ വീടുവിട്ടത്.
ഒരുമാസം മുൻപാണ് കുട്ടികൾ വീടുവിട്ടിറങ്ങാൻ പദ്ധതിയിട്ടത്. ഈറോഡിൽനിന്ന് ചെന്നൈയിലേക്ക് ട്രെയിൻ കയറി, എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പൽക്കയറി കൊറിയയിലേക്കു പോകുക എന്നതായിരുന്നു ചിന്ത. എന്നാൽ ചെന്നൈ എത്തുന്നതിനുമുൻപുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തി. യാത്ര തുടങ്ങി രണ്ടാം ദിവസം തന്നെ കുട്ടികളെ കണ്ടെത്താനായി. ആദ്യ ആവേശം മാറിയപ്പോൾ പരിഭ്രമിച്ചുപോയ പെൺകുട്ടികൾ തിരികെ വീട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടെ, വെല്ലൂരിനടുത്തുള്ള കട്പാടി സ്റ്റേഷനിൽനിന്നാണ് വെള്ളിയാഴ്ച അർധരാത്രി പൊലീസ് ഇവരെ കണ്ടെത്തിയത്.
കുട്ടികളെ ഇപ്പോൾ വെല്ലൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് കുട്ടികളെ. മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കും. ജനുവരി നാലിനാണ് കുട്ടികൾ വീടുവിട്ടത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. രണ്ടു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലിൽ 1,200 രൂപയ്ക്കു മുറി കിട്ടി. ചെന്നൈയിൽ എത്തിയതിനു പിന്നാലെ കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടു. പിറ്റേന്ന് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. പോരുന്ന വഴിയിൽ കട്പാടി സ്റ്റേഷനിൽ ഭക്ഷണം വാങ്ങാനിറങ്ങി. തിരിച്ചെത്തിയപ്പോൾ ട്രെയിൻ പോയി. മാതാപിതാക്കളുടെ പരാതിയിൽ 4ന് തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.