ADVERTISEMENT

ന്യൂ‍ഡൽഹി∙ നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ പ്രതികരിച്ച മാലദ്വീപ് മന്ത്രിക്കെതിരെ മാലദ്വീപ് മുൻ  പ്രസിഡന്റ്. ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മാലദ്വീപ് മന്ത്രി നടത്തിയതെന്നു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ മറിയം ഷിവുനയാണു എക്സ് പ്ലാറ്റ്‌ഫോമിൽ മോശം വാക്കുകളുപയോഗിച്ചു പ്രതികരിച്ചത്. മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്സൂം മാജിദും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മാലദ്വീപിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം എന്നായിരുന്നു മാജിദിന്റെ പ്രസ്താവന. മന്ത്രിമാർ വാക്കുകൾ സൂക്ഷിക്കണമെന്നു മുഹമ്മദ് നഷീദ് പറഞ്ഞു. 

‘‘മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നൽകുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സർക്കാർ ഇത്തരം അഭിപ്രായങ്ങളിൽനിന്ന് അകന്നുനിൽക്കുകയും അവ സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നൽകുകയും വേണം’’ – നഷീദ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം ട്വിറ്ററിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്.  സംഭവം വിവാദമായതോടെ മറിയം എക്സ് പ്ലാറ്റ്ഫോമിൽ നിന്നും പരാമർശം നീക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിനിടെ സ്നോർകെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേതു മാസ്മരിക ഭംഗിയാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിക്കുകയും ചെയ്തു. സഞ്ചാരികൾ തങ്ങളുടെ പട്ടികയിൽ ലക്ഷദ്വീപിനെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. ഇത് മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ മോദിക്കെതിരെ പ്രസ്താവന നടത്തിയത്. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. 

മന്ത്രിമാരുടെ പരാമർശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത്. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും നിരവധിപ്പേർ അറിയിച്ചു. വിമാനടിക്കറ്റ് റദ്ദാക്കിയതുൾപ്പെടെയുള്ള ചിത്രങ്ങൾ സഹിതമാണ് ചിലർ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. 

English Summary:

Maldives Ex President Slams Island Minister's Post On PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com