എക്സിൽ ഒറ്റ പോസ്റ്റ്: കേരളത്തിൽനിന്നു കാണാതായ എയർപോഡ് ഗോവയിൽ കണ്ടെത്തി
Mail This Article
മുംബൈ∙ കേരളത്തിൽനിന്നു കാണാതായ ആപ്പിൾ എയർപോഡ് എക്സ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഗോവയിൽ കണ്ടെത്തി. അവധിയാഘോഷിക്കാൻ കേരളത്തിലെത്തിയ മുംബൈയിലെ സോഷ്യൽ മീഡിയ മാർക്കറ്റിങ് വിദഗ്ധൻ നിഖിൽ ജെയിനിന്റെ പുത്തൻ എയർപോഡാണു ബസിൽ നഷ്ടപ്പെട്ടത്. വില 25,000നു മുകളിൽ. 'ഫൈൻഡ് മൈ ഫീച്ചർ' സംവിധാനത്തിലൂടെ നിരീക്ഷിച്ചപ്പോൾ 40 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ ഉണ്ടെന്നു കണ്ടെത്തി.
കേരള പൊലീസിന്റെ സഹായത്തോടെ അവിടെ എത്തിയെങ്കിലും മുറി തിരിച്ചറിയാൻ കഴിഞ്ഞില്ല. സ്വകാര്യത പരിഗണിച്ചു പരിശോധിക്കാൻ ഹോട്ടൽ അധികൃതരും തയാറായില്ല. അതിനിടെ എയർപോഡ് മംഗളൂരു വഴി ഗോവയ്ക്ക് നീങ്ങുന്നതായി കണ്ടു. സൗത്ത് ഗോവയിലെ അൽവാരോ ഡി ലെയോള ഫുർട്ടാഡോ റോഡിലാണെന്നും മനസ്സിലായി. എയർപോഡ് കൈവശമുള്ളയാൾ ഇവിടെയുണ്ടെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർഥിച്ച് നിഖിൽ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടു. ഇതു സുഹൃത്തുക്കളും ഫോളോവേഴ്സും പങ്കിട്ടതോടെ അന്വേഷണം ''എക്സ്'' ഏറ്റെടുത്തു. 12 ലക്ഷം പേരാണ് ആദ്യത്തെ പോസ്റ്റ് കണ്ടത്. നൂറുകണക്കിനു മറുപടികളും കിട്ടി. ലൊക്കേഷൻ കാണിക്കുന്ന കൃത്യമായ വീടിന്റെ ചിത്രം റീട്വീറ്റായെത്തി.
പിന്നീട് നടത്തിയ ആശയവിനിമയത്തിൽ എയർപോഡ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്ന് അതെടുത്തയാൾ സമ്മതിച്ചു. മർഗോവ പൊലീസ് സ്റ്റേഷനിൽനിന്നു നിഖിലിന്റെ സുഹൃത്ത് സങ്കേത് അത് ഏറ്റുവാങ്ങി. എടുത്തതാരെന്നു വെളിപ്പെടുത്താൻ നിഖിൽ ആഗ്രഹിക്കുന്നില്ല.