ADVERTISEMENT

ചെന്നൈ∙ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ (ജിഐഎം) വൻ നിക്ഷേപം സമാഹരിച്ച് തമിഴ്നാട് സർക്കാർ. ഇന്ത്യയിലെയും വിദേശത്തെയും നിരവധി കമ്പനികളാണ് നിക്ഷേപത്തിന് തയാറായത്. മറ്റു സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനിടെയാണ് കടുത്ത മത്സരം ഉറപ്പിച്ച് തമിഴ്നാടും രംഗത്തെത്തിയത്. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നത്. 

ടാറ്റ ഇലക്ട്രോണിക്സ് കൃഷ്ണഗിരിയിൽ മൊബൈൽ ഫോൺ നിർമാണ കമ്പനി തുടങ്ങുന്നതിന് 12,082 കോടി രൂപ നിക്ഷേപിക്കും. ഈ പദ്ധതിയിലൂടെ 40,500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണു കരുതുന്നത്. ഇലക്ട്രോണിക് വസ്തുക്കളും മൊബൈൽ ഫോൺ ഉപകരണങ്ങളും നിർമിക്കുന്ന പെഗാട്രോൺ 1,000 കോടി നിക്ഷേപിക്കും. 8,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പദ്ധതികൾ കൂടുതൽ വിപുലമാക്കുന്നതിന് െജഎസ്ഡബ്യു എനർജി 10,000 കോടി രൂപ നിക്ഷേപിക്കും. 6,600 പേർക്കുകൂടി ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. ഐസിഇ, ഇലക്ട്രോണിക് വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളുടെ ബാറ്ററിയും നിർമിക്കുന്നതിനായി കാഞ്ചീപുരത്ത് യൂണിറ്റ് തുടങ്ങാൻ ഹ്യുണ്ടായ് ധാരണയിലെത്തി. 

ഓട്ടമൊബീൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലേക്കായി ടിവിഎസ് 5,000 കോടി രൂപ മുടക്കും. ഇവ കൂടാതെ മറ്റ് നിരവധി കമ്പനികളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 50 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 

ജനുവരി 7–8 ദിവസങ്ങളിലാണ് നിക്ഷേപ സംഗമം നടക്കുന്നത്. ഡിഎംകെ സർക്കാർ ആദ്യമായാണ് ആഗോള നിക്ഷേപക സംഗമം നടത്തുന്നത്. 5 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും തമിഴ്നാടിനെ 1 ട്രില്യൻ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. 2023–24 വർഷത്തിൽ തമിഴ്നാടിന്റെ ജിഡിപി 354 ബില്യൻ ഡോളറാണ്. 

English Summary:

Tamil Nadu Global Investors Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com