ADVERTISEMENT

ന്യൂഡൽഹി∙ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നിസാമുദീനിൽ 500 വീടുകൾ ഇടിച്ചു നിരത്തി കോർപറേഷന്റെ ക്രൂരത. കൊടും തണുപ്പിൽ രണ്ടായിരത്തിലേറെപ്പേരാണ് പെരുവഴിയിൽ അഭയം തേടിയിരിക്കുന്നത്. മഥുര റോഡിനു സമീപം ഡിസംബർ 21നായിരുന്നു ഡൽഹി കോർപറേഷന്റെ ബുൾഡോസറുകൾ ഒരുപറ്റം സാധാരണക്കാരുടെ കൂരകൾ കല്ലുംമണ്ണും മാത്രമാക്കി കടന്നുപോയത്.

അതിശൈത്യ കാലത്ത് കുടിയൊഴിപ്പിക്കൽ നടത്തരുതെന്ന സുപ്രീം കോടതി നിർദേശമുണ്ട്. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിച്ചിട്ട് മാത്രമേ വീടുകൾ പൊളിക്കാവൂ എന്ന വ്യവസ്ഥയും എംസിഡി പാലിച്ചില്ല.

∙ കണ്ണില്ലാത്ത ക്രൂരത

2006ന് മുൻപ് ഇവിടെ വീടുകൾ ഇല്ലായിരുന്നു എന്ന ഉപഗ്രഹ ചിത്രം തെളിവായി ഉയർത്തിക്കാട്ടിയാണ് എംസിഡി പ്രദേശം ഒഴിപ്പിക്കുന്നത്. ഈ കൊടും തണുപ്പിൽ ആളുകളെ എന്തിനു കുടിയിറക്കുന്നു എന്ന ചോദ്യത്തിന്, നവംബറിൽ വായു മലിനീകരണം കാരണം കെട്ടിടങ്ങൾ പൊളിക്കുന്നതിനു വിലക്കുണ്ടായിരുന്നു എന്നാണ് മറുപടി. 

∙ ഉപഗ്രഹ വീക്ഷണം ശരിയല്ല

എംസിഡിയുടെ ഉപഗ്രഹ ചിത്ര വിശദീകരണം വീടു നഷ്ടപ്പെട്ടവർ മുഖവിലയ്ക്കെടുക്കുന്നില്ല. 40 വർഷത്തിലേറെയായി കുടുംബം ഇവിടെയാണു താമസിക്കുന്നതെന്നു മൊയിൻ ഉദ്ദിൻ പറഞ്ഞു. 1993ലാണ് വീട്ടിൽ ആദ്യമായി വൈദ്യുതി മീറ്റർ വയ്ക്കുന്നത്. ഈ പ്രദേശത്ത് എംസിഡിയുടെ പൊതു ശുചിമുറികളും റോഡുകളുമുണ്ട്. എന്നിട്ടും വീടുകൾ അനധികൃതമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മൊയിൻ ചോദിക്കുന്നു.

∙ എവിടെ പോകും

സിതാര ബീഗത്തിന്റെ ഭർത്താവ് രോഗ ബാധിതനാണ്. കിടക്കാനൊരു പായ പോലും അവശേഷിക്കുന്നില്ല. താത്കാലിക താമസത്തിനായി ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്മെന്റ് ബോർഡിനെ സമീപിച്ചിട്ടും സഹായം ലഭിച്ചില്ല. 

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ താമസ പ്രശ്നത്തിന് അടിയന്തരമായി ഒരു പരിഹാരം കണ്ടെത്താനാകില്ലെന്നാണു ബോർ‍ഡും പറയുന്നത്.

∙തിരികെ വന്നപ്പോൾ വീടില്ല

മാതാപിതാക്കളെ കാണാൻ പോയി മടങ്ങിയെത്തിയ ലളിത ദേവി,  വീടിരുന്ന സ്ഥാനത്ത് കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുന്നതാണു കണ്ടത്. ജീവിത സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് അടുത്തയിടെ അറ്റകുറ്റപ്പണികൾ തീർത്തു മോടി പിടിപ്പിച്ചതായിരുന്നു. വീടിനോടു ചേർന്നു നടത്തിയിരുന്ന പെർഫ്യൂം കടയായിരുന്നു ഏക വരുമാന മാർഗം. അതും ബുൾഡ‍ോസർ ഇടിച്ചു നിരത്തി. ഇനിയെങ്ങനെ കഴിയുമെന്നോ എവിടേക്കു പോകുമെന്നോ അറിയാതെ ടാർപോളിൻ മറച്ച ടെന്റിനു കീഴലിരിക്കുന്നു ലളിത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com