വിധി പറയും മുന്‍പേ ഗുജറാത്തിലെ ഗ്രാമം വിട്ട് ബില്‍ക്കിസും കുടുംബവും; എവിടെയെന്ന് അജ്ഞാതം
Mail This Article
ഗാന്ധിനഗര്‍∙ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഗുജറാത്ത് സര്‍ക്കാരിനെതിരെ വിധി പ്രഖ്യാപിക്കുമ്പോള്‍ അതിജീവിതയായ ബീല്‍ക്കിസ് ബാനുവും കുടുംബവും അജ്ഞാതകേന്ദ്രത്തില്‍. തങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബില്‍ക്കിസ് ബാനുവും കുടുംബവും ഗുജറാത്തിലെ രണ്‍ദിക്പുര്‍ ഗ്രാമത്തില്‍നിന്ന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മറ്റെവിടേയ്‌ക്കോ മാറിത്താമസിച്ചിരിക്കുകയാണ്. കേസിലെ 11 പ്രതികളെ മോചിപ്പിച്ച നടപടി റദ്ദാക്കിയ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവരോടു കീഴടങ്ങാനും നിര്‍ദേശിച്ചു.
സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബില്‍ക്കീസും ഭര്‍ത്താവും കുടുംബവും ഗ്രാമം വിട്ടുവെന്നും എവിടേയ്ക്കാണു പോയിരിക്കുന്നതെന്ന് അറിയില്ലെന്നും ബില്‍ക്കിസിന്റെ അമ്മാവന്‍ അബ്ദുള്‍ റസാഖ് മന്‍സുരി അറിയിച്ചു. കഴിഞ്ഞ 10-15 ദിവസങ്ങള്‍ക്കിടയില്‍ ബില്‍ക്കിസുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു.
2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബിൽക്കീസ് ബാനോ 5 മാസം ഗർഭിണിയായിരിക്കെയാണ് കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാർച്ച് 3ന് അക്രമികൾ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബിൽക്കീസ് ബാനോയെ പീഡിപ്പിക്കുകയും ചെയ്തു. ബാനോയ്ക്കൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയതിനും അവൾ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനോയെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.