മോദിയുടെ സന്ദർശനം ദ്വീപിന്റെ ‘ഭാവി’ മാറ്റിമറിക്കും; ആളുകളുടെ ഒഴുക്കു പ്രതീക്ഷിക്കുന്നു, പൂർണ സജ്ജം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ
Mail This Article
ന്യൂഡൽഹി∙ ലക്ഷദ്വീപിലെ അവിസ്മരണീയ കാഴ്ചകളും അനുഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചത് ദ്വീപിന്റെ ‘ഭാവി’ മാറ്റിമറിക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. മോദിയുടെ യാത്രയ്ക്കുശേഷം ദ്വീപിന്റെ വിധിതന്നെ മാറിയെന്നാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദേശീയമാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ലക്ഷദ്വീപിലേക്ക് എത്തുന്നത് എങ്ങനെയെന്നും താമസ സൗകര്യം എന്തൊക്കെയാണെന്നും എന്തൊക്കെ കാഴ്ചകളാണ് കാത്തിരിക്കുന്നതെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് അന്വേഷണങ്ങളെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരികളുടെ എണ്ണം എത്ര വർധിച്ചാലും അതെല്ലാം കൈകാര്യം ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യം ദ്വീപിലുള്ളതിനാൽ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ലക്ഷദ്വീപിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാലദ്വീപിനോടുള്ള രോഷം കൊണ്ടുമാത്രമല്ല, പ്രധാനമന്ത്രിയുടെ സന്ദർശനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ചില ദ്വീപുകളിൽ റിസോർട്ടുകളും വില്ലകളും വിനോദസഞ്ചാരികൾക്കായി നിർമിക്കുന്നുണ്ട്. വരും ദിവസങ്ങളിലായി 20,000 കോടിയുടെ നിക്ഷേപങ്ങൾ ലക്ഷദ്വീപിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി മാലദ്വീപിനൊപ്പം തോളോടുതോൾ ചേർന്നുനിന്നതാണ്. എന്നിട്ടും മാലദ്വീപിൽനിന്നുള്ളവരുടെ പ്രതികരണം അപമാനകരമാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് രോഷമുണ്ട്.
ഇന്ത്യയുടെ അന്തസ്സിനെയാണ് അവർ വെല്ലുവിളിച്ചിരിക്കുന്നത്. അത്തരം അപമാനം ഇന്ത്യ ഒരിക്കലും സഹിഷ്ണുതയോടെ സ്വീകരിക്കില്ല. പ്രധാനമന്ത്രിയോട് ഇന്ത്യയിലെ ജനങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിക്കും ലക്ഷദ്വീപിനുമൊപ്പം നിന്നതിൽ ജനങ്ങളോടു നന്ദി പറയുന്നു. മാലദ്വീപിൽനിന്ന് മാപ്പ് തേടില്ല. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. അവർ അത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നു. അവരുടെ നീക്കത്തിന് മാലദ്വീപ് സർക്കാർ തന്നെ നടപടിയെടുത്തു. പ്രധാനമന്ത്രിയെ അപമാനിച്ചാൽ അത് ഇന്ത്യ സഹിക്കില്ലെന്ന് കാണിച്ചുകൊടുത്തു. ബോളിവുഡ് സെലിബ്രിറ്റികൾ മുതൽ ക്രിക്കറ്റ് കളിക്കാർ വരെ സാധാരണക്കാരും ചേർന്ന് മാലദ്വീപിന് ശരിയായ മറുപടി നൽകി.
മാലദ്വീപുകാർക്ക് ലക്ഷദ്വീപിലേക്കു വരണമെങ്കിൽ വരാം. നമ്മുടെ നാടിന്റെ സൗന്ദര്യവും സന്തോഷവും അറിയാം. അതു ഞങ്ങളെയും സന്തോഷഭരിതരാക്കും. അതിൽ തെറ്റൊന്നുമില്ല. അവർ വരികതന്നെ വേണം. കുടിവെള്ള പ്രശ്നം, മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയവ പ്രധാനമന്ത്രി കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിഹരിച്ചിട്ടുണ്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് സംഭവിച്ചത് ?
ലക്ഷദ്വീപ് സന്ദർശനത്തിന്റെ തുടർച്ചയായി അവിടേക്കു സന്ദർശകരെ ക്ഷണിച്ച് പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്സിൽ (പഴയ ട്വിറ്റർ) പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കൂടുതൽ ഗുരുതര പദപ്രയോഗങ്ങൾ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമുള്ള പരാമർശങ്ങൾ അവർ പിന്നീട് പിൻവലിച്ചു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.
മറിയം ഷിയുനയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ‘മാലദ്വീപിനെ ബഹിഷ്കരിക്കൂ, ഇന്ത്യൻ ദ്വീപുകളെ കൂടുതലറിയൂ’ ആഹ്വാനത്തോടെ ഇന്ത്യയിൽ സമൂഹമാധ്യമ പ്രചാരണമുയർന്നു. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളിൽ ഒന്നാമത് ഇന്ത്യക്കാരാണ്. മാലദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയാണു പുതിയ വിവാദം. ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്‌വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുർക്കിയും പിന്നീട് യുഎഇയും സന്ദർശിച്ച അദ്ദേഹം ഇന്നു ചൈനയിലേക്കു പുറപ്പെടുകയാണ്.