‘ബിജെപി കുറ്റവാളികളുടെ രക്ഷാധികാരി’: ബിൽക്കീസ് കേസിൽ രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെ, ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ബിജെപി കുറ്റവാളികളുടെ രക്ഷാധികാരിയെന്ന് വ്യക്തമായി’ എന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് ഇന്നത്തെ സുപ്രീം കോടതിയുടെ വിധി വീണ്ടും രാജ്യത്തോട് പറഞ്ഞു. ബിജെപി സർക്കാരിനെതിരെയുള്ള നീതിയുടെ വിജയത്തിന്റെ പ്രതീകമാണ് ബിൽക്കീസ് ബാനോയുടെ അക്ഷീണ പോരാട്ടം’’– അദ്ദേഹം കുറിച്ചു.
കേസിൽ ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി 11 പ്രതികളും 2 ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നു നിർദേശിച്ചിരുന്നു. ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ ഗുജറാത്ത് സർക്കാർ തെറ്റായി വ്യാഖ്യാനിച്ചെന്നും കോടതി കുറ്റപ്പെടുത്തി.