ADVERTISEMENT

കൊല്ലം∙ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ സമാപനസമ്മേളനത്തില്‍നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. സ്വീകരണ കമ്മിറ്റിയുടെ ചുമതല സിപിഐ അനുഭാവമുള്ള അധ്യാപക സംഘടനയ്ക്കായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ചിലർ അറിയിച്ചത്. നല്ല രീതിയില്‍ നടന്ന കലോല്‍സവത്തില്‍ അപസ്വരം ഉണ്ടാകരുതെന്നു ചിന്തിച്ചതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതൽ സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനു വേണ്ടി  അർപ്പണ ബോധത്തോടെ നിന്നു പ്രവർത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാൻ. കലോത്സവം നടക്കുന്ന പ്രദേശത്തെ പാർലമെന്റ് അംഗം എന്ന നിലയിൽ തുടക്കം മുതല്‍ എന്നെ ഒഴിവാക്കിയിരുന്നു. പക്ഷേ, അതിൽ എനിക്ക് പരാതിയില്ല. ഉദ്ഘാടന സമ്മേളനത്തിനു നോട്ടിസിൽ പേരുണ്ടായിരുന്നു. ഞാൻ പങ്കെടുത്തു. എന്നാൽ സമാപന സമ്മേളനത്തിന്റെ നോട്ടിസിൽ നഗരത്തിലെ രണ്ടു പ്രധാന എംഎൽഎമാരെയും നഗരസഭാ അംഗങ്ങളെയും പുനലൂരുള്ള നിയമസഭാംഗത്തെയും നോട്ടിസിൽ  പേരുവച്ച് ആ പരിപാടിയിലേക്കു ക്ഷണിക്കുമ്പോൾ സ്ഥലത്തെ ലോക്സഭാ അംഗമെന്ന നിലയിൽ ബോധപൂർവം എന്നെ ഒഴിവാക്കി. കൊല്ലത്തു നടക്കുന്ന പലപൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നത് പതിവാണ്.

‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എല്ലാക്കാര്യങ്ങളിലും യാതൊരു വിധത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളില്ലാതെ സഹകരിച്ചു. ആ സഹകരണ മനോഭാവം ഉണ്ടായിട്ടും സ്ഥലത്തെ ലോക്സഭാ അംഗത്തെ ബോധപൂർവം ഒഴിവാക്കുക എന്നത് എന്തു നീതിയാണ്? എന്ത് ന്യായീകരണമാണ് വിദ്യാഭ്യാസമന്ത്രിക്കു നൽകാനുള്ളത്. പേരില്ലെന്നു നേരത്തേ തന്നെ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോളാണ് റിസപ്ഷൻ കമ്മിറ്റിയുടെ ചുമതലയുള്ളത് സിപിഐ അനുഭാവ അധ്യാപക സംഘടനയ്ക്കാണെന്ന് അറിഞ്ഞത്. അവർ ഇതു ശരിയല്ലെന്നു ബന്ധപ്പെട്ടവരോടു പറഞ്ഞെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഒഴിവാക്കിയതെന്നായിരുന്നു മറുപടി. ഇത് തീരെ നിലവാരമില്ലാത്ത രാഷ്ട്രീയ സങ്കുചിതത്വമാണ്.

‘‘ഇന്ത്യയിലെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷിനെ ഉദ്ഘാടനവേദിയിൽ രണ്ടാം നിരയിലാണ് ഇരുത്തിയത്. മുൻനിരയിൽ സർക്കാർ ഉദ്യോഗസ്ഥർ, മേയർ, എംഎൽഎമാർ, സിനിമാതാരങ്ങൾ എന്നിവരെയെല്ലാം ഇരുത്തിയ ശേഷം കൊടിക്കുന്നിൽ സുരേഷിനെയും എ.എൻ. ആരിഫിനെയും പിൻനിരയിലിരുത്തി അപമാനിക്കുകയായിരുന്നു. എന്ത് രാഷ്ട്രീയ അൽപത്തരമാണ് ഈ കാണിക്കുന്നത്?’’ – പ്രേമചന്ദ്രൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com