ADVERTISEMENT

ഗോവ∙ ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാലു വയസുള്ള മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെ അറസ്റ്റിലായി. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സുചന സേത്ത് (39) കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്‌സി വിളിച്ചാണ് അവര്‍ കര്‍ണാടകയിലേക്കു പോയത്. മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. 

ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനായില്ല. 

English Summary:

High profile, CEO mom arrested for killing 4-year-old ‘son’ in North Goa apartment-hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com