‘പരാജയം മറച്ചുവയ്ക്കാൻ രാഹുലിനെ ഹീറോയാക്കാൻ ശ്രമം; വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി’
Mail This Article
കണ്ണൂർ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ഗോവിന്ദൻ ആരോപിച്ചു. പരാജയം മറച്ചുവയ്ക്കാൻ രാഹുൽ ഹീറോയെന്ന് വരുത്താൻ ശ്രമം നടക്കുന്നതായും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സമരം നടത്തിയാൽ കൽത്തുറുങ്കിൽ കിടക്കേണ്ടി വരും, അതിനുള്ള ആർജവം കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു.
‘‘അക്രമം ഉൾപ്പെടെ ഉണ്ടായ ഒരു കേസ്. ആ കേസിന്റെ ഭാഗമായിട്ട് യൂത്ത് കോൺഗ്രസിന്റെ നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. അതെല്ലാം കോടതിയുടെ ഭാഗമായിട്ടുള്ള കാര്യമാണ്, ഭരണപരമായ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളതാണ്. ഞങ്ങൾക്കതൊന്നും നോക്കേണ്ട കാര്യമില്ല. പക്ഷേ ഞാൻ ഇന്ന് ഇതു പറയുന്നത് ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായിട്ടാണ്. യൂത്ത് കോൺഗ്രസുകാരൻ നേരിട്ടു നിന്ന് കൊലപ്പെടുത്തിയ കേസിനെ പൂർണമായും ന്യായീകരിച്ച സുധാകരന്റെയും ഭാഗം നിങ്ങൾ മനസ്സിലാക്കണം. ഇവിടെയാകട്ടെ ഒരു കേസിൽ പ്രതിയായിട്ട് കോടതിയിൽ കൊണ്ടുപോയി, പരിശോധിച്ച് നോക്കാൻ ആശുപത്രിയിലും കൊണ്ടുപോയി. ചികിത്സയുടെ ഭാഗമായിട്ട് നോക്കി യാതൊരു പ്രശ്നവും ഇല്ല എന്നു പറയുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഞങ്ങൾ എന്ത് അഭിപ്രായം പറയാനാണ്? ഇങ്ങനെയുള്ള ഒരു തരത്തിലുള്ള നിലപാടും സ്വീകരിക്കാൻ പാടില്ല എന്നാണോ മാധ്യമങ്ങൾ പറയുന്നത്? നിയമവാഴ്ചയുള്ളൊരു നാട്ടിൽ അത്തരത്തിലുള്ള നിലപാടുകൾ വേറെ ആർക്കും സ്വീകരിക്കാൻ പറ്റില്ലേ. പൊലീസിനെ കടന്നാക്രമിക്കുക, പൊലീസുകാർക്ക് പരുക്കു പറ്റുക തുടങ്ങിയുള്ള നിലപാടുകൾക്കെല്ലാം നേതൃത്വം കൊടുത്താൽ അതിന്റെയെല്ലാം ഭാഗമായിട്ടുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടേണ്ടി വരും. അങ്ങനെ വരുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള ആർജ്ജവം വേണമെന്നാണ് എനിക്ക് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റിനോടും കോൺഗ്രസിനോടും പറയാനുള്ളത്. പത്രങ്ങളിൽ നിങ്ങളെല്ലാം കൂടി ചേർന്ന് രൂപപ്പെടുത്തി വളർത്തിയെടുത്തതാണല്ലോ ഇവരെയെല്ലാം. തീഷ്ണമായ സമരങ്ങളുടെയോ പോരാട്ടങ്ങളുടെയോ എന്തെങ്കിലും അനുഭവമുണ്ടോ ഇവർക്ക്?
അങ്ങനെ ഒരു അനുഭവവുമില്ലാതെ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കേസിന്റെ ഭാഗമായി വരുന്നത്. അങ്ങനെ വരുമ്പോൾ സ്വഭാവികമായും ഇത്തരത്തിലുള്ള നിലപാടുകളെല്ലാം അവരിൽനിന്ന് നമുക്ക് പ്രതീക്ഷിക്കാം. എങ്ങനെയാണ് ജാമ്യം കിട്ടുക, അതിന് എന്തു കളവാണ് പറയേണ്ടത്, എന്തു കള്ള സർട്ടിഫിക്കറ്റാണ് ഉണ്ടാക്കേണ്ടത്, എന്നെല്ലാം സംബന്ധിച്ചിടത്തോളം ആസൂത്രിതമായി ശ്രമം നടത്തി. എന്നാൽ അവസാനം അതെല്ലാം പരാജയപ്പെട്ടു പോവുകയും ചെയ്തു. ആ പരാജയം കാര്യം മറച്ചുവയ്ക്കാൻ വേണ്ടി അയാളെ ഹീറോയാക്കിയിരുന്നു.
സ്വാഭാവികമായും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമാധാനപരമായ ഒരു അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണ്. നിങ്ങളിവിടെ ഒരു സമാധാനവും അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുകയാണ്. പക്ഷേ നിങ്ങൾ വിചാരിച്ചാൽ ഇവിടെ ഈ സമാധാനപരമായ ഒരു അന്തരീക്ഷം തകർക്കാനാവില്ല എന്ന കാര്യം നിങ്ങൾക്കു തന്നെ കൃത്യമായി മനസ്സിലായിട്ടുണ്ട്.’’– ഗോവിന്ദൻ പറഞ്ഞു.