ലോകം മുഴുവൻ തിരയുമ്പോൾ സവാദ് കണ്ണൂരിൽ; ‘ആശാരി ഷാജഹാനാ’യി ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ‘ഒളിവുജീവിതം’
Mail This Article
കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും പ്രതീക്ഷ കൈവിട്ട സമയത്താണ് ദേശീയ അന്വേഷണ ഏജൻസി അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിദേശത്തേക്കു കടന്ന സവാദ് നേപ്പാളിലും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലും എത്തിയതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ വഴിക്കെല്ലാം സർവ സന്നാഹവുമായി അന്വേഷിച്ച് നിരാശപ്പെട്ടിരിക്കുമ്പോഴാണ് സവാദ് വലയിലായത്; അതും കണ്ണൂർ മട്ടന്നൂരിൽനിന്ന്!
വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. സുപ്രധാന കേസായതിനാൽ പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. സവാദ് പിടിയിലായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത. സവാദിന് ഒളിയിടം നൽകിയവർ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.
13 വർഷം വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനു ശേഷവും സവാദ് കാണാമറയത്തു തന്നെ തുടർന്നതോടെയാണ് ഇനി പിടികൂടാനായേക്കില്ലെന്ന് വിലയിരുത്തപ്പെട്ടത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്.
∙ മാസങ്ങളായി മട്ടന്നൂർ ബേരത്ത്...
മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ എത്തിയ ഏഴംഗ സംഘമാണ് ഇയാളെ പിടിച്ചുകൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു. തലയിൽ കറുത്ത തുണിയിട്ടു മൂടിയാണ് കൊണ്ടുപോയതെന്നും അയൽക്കാർ വെളിപ്പെടുത്തി.
മാസങ്ങളായി ഇവിടെ ഷാജഹാൻ എന്ന വ്യാജ പേരിൽ ആശാരിപ്പണി ചെയ്തു ജീവിക്കുകയായിരുന്നുവെന്നാണ് വിവരം. എട്ടു മാസമായി കൂരിമുക്ക് എന്ന സ്ഥലത്താണ് മരപ്പണി ചെയ്തിരുന്നത്. മട്ടന്നൂരിൽ എത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു. ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത് കാസർകോട്ടു നിന്നാണെന്നും അയൽവാസികൾ പറഞ്ഞു. ചെറിയ രണ്ടു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സിൽ താഴെ മാത്രമാണ് പ്രായമെന്നും അവർ പറഞ്ഞു.
അതേസമയം, നാട്ടുകാരുമായി സവാദ് കാര്യമായ സമ്പർക്കം പുലർത്തിയിരുന്നില്ലെന്നാണ് അയൽക്കാർ നൽകുന്ന വിവരം. ആദ്യം കണ്ണൂർ ജില്ലയിലെ തന്നെ വിളക്കോടാണ് സവാദ് ഒളിവിൽ കഴിഞ്ഞിരുന്നത്. പിന്നീട് ബേരത്തേക്കു മാറുകയായിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി കുടുംബസമേതം ഇവിടെ താമസിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇത്ര പ്രമാദമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
∙ നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദുബായ്, ആഫ്രിക്ക...
കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. ബെംഗളൂരുവിൽ സവാദ് ചികിത്സ തേടിയ നഴ്സിങ് ഹോമിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാർത്ത. എന്നാൽ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.
പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളിൽ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസിൽ നാസർ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. അഫ്ഗാൻ സ്വദേശിയായി വ്യാജയാത്രാ രേഖകൾ തരപ്പെടുത്തി മറ്റൊരു പേരിൽ സവാദ് വിദേശത്ത് കഴിയുന്നുണ്ടാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഊഹം. സിറിയയിലേക്കു കടന്നതായും ഇടയ്ക്ക് പ്രചാരണമുണ്ടായി.
ഇതിനിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിക്കപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത ഘട്ടത്തിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സവാദുണ്ടെന്നും ആഫ്രിക്കയിലെ സ്വർണഖനികളിൽ നിന്നു സ്വർണം ദുബായിലേക്കു കടത്തുന്ന സംഘത്തിൽ സവാദിനെ കണ്ടിട്ടുണ്ടെന്നും ചില പ്രതികൾ മൊഴി നൽകി. ആ സൂചനകളുടെ പിന്നാലെ പോയപ്പോഴും എൻഐഎ സംഘം നിരാശരായി.