മകനെ കൊന്നതിൽ പശ്ചാത്താപമില്ലാതെ സുചന; ചോദ്യം ചെയ്യലിൽ നിർവികാരമായി പ്രതിയുടെ മറുപടി
Mail This Article
ബെംഗളൂരു ∙ ഹോട്ടൽ മുറിയിൽ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് സംഭവത്തിൽ ഒട്ടും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നു പൊലീസ്. കുട്ടിയുടെ മരണത്തെപ്പറ്റിയോ അതിലെ പങ്കിനെപ്പറ്റിയോ ചോദിക്കുമ്പോഴൊക്കെ നിർവികാരമായും നിസ്സാരമായുമാണു പ്രതിയുടെ മറുപടി. കുട്ടിയെ തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ബംഗാൾ സ്വദേശിയായ സുചന ഗോവയിൽ ഹോട്ടൽ മുറിയെടുത്തു താമസിക്കുന്നതിനിടെ കുഞ്ഞിനെ കൊല്ലുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും അതിന്റെ കാരണമെന്തെന്നു സുചന വ്യക്തമാക്കിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കയ്യിലെ മുറിപ്പാട് കണ്ടു തിരക്കിയപ്പോഴാണ് ആത്മഹത്യാശ്രമത്തെപ്പറ്റി അറിഞ്ഞത്.
മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സുചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. വിവാഹമോചന കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുട്ടിയെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നെന്നായിരുന്നു പരാതി. ഒരു കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ പ്രതിമാസം 2.5 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ ഭർത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
തനിക്കെതിരായുള്ള സുചനയുടെ ആരോപണങ്ങൾ വെങ്കട്ടരാമൻ നിഷേധിച്ചു. വീട്ടിൽ വരുന്നതിനും സുചനയുമായും കുട്ടിയുമായും സംസാരിക്കുന്നതിനും വിലക്കുണ്ട്. സുചന താമസിച്ച ഹോട്ടലിലെ മുറിയിൽനിന്നു ചുമയ്ക്കുള്ള സിറപ്പുകൾ കണ്ടെത്തി. ഉയർന്ന ഡോസിൽ കുട്ടിക്ക് കഫ് സിറപ്പ് നൽകി മയക്കി കിടത്തിയശേഷം തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചെന്നാണു സംശയം. മുൻകൂട്ടി ആസൂത്രണം ചെയ്താണു കൊലപാതകമെന്നും നിഗമനമുണ്ട്. മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണു സുചന അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച മകനൊപ്പം ഗോവയിലെ ഹോട്ടലിലെത്തിയ സുചന, തിങ്കളാഴ്ച ഒറ്റയ്ക്കാണു ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടത്. മുറിയിൽ രക്തക്കറ കണ്ടെത്തിയ ജീവനക്കാർ ഗോവ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലിൽ സുചന കുറ്റകൃത്യം നിഷേധിച്ചു. രാവിലെ ഉറക്കം ഉണർന്നപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇതു വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സുചനയെ ഗോവയിലെ മപുസ ടൗൺ കോടതി 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ ആയിരുന്ന വെങ്കട്ടരാമൻ ചൊവ്വാഴ്ച രാത്രി ചിത്രദുർഗയിലെ ഹിരിയൂരിലെത്തി പോസ്റ്റ്‌മോർട്ടത്തിനു ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങി. വിവാഹമോചന കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കാനിരിക്കെയാണു സുചന മകനെ കൊന്നതെന്നു പൊലീസ് വ്യക്തമാക്കി.