രാഹുലിന്റെ യാത്ര: ഉദ്ഘാടന വേദിക്ക് മണിപ്പുർ സർക്കാരിന്റെ അനുമതി; പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം
Mail This Article
ഇംഫാൽ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് മണിപ്പുർ സർക്കാറിന്റെ അനുമതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഉദ്ഘാടന വേദിക്ക് അനുമതി നൽകിയത്. ഇംഫാല്‍ ഈസ്റ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫിസാണ് യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹത്ത കാങ്‌ജെയ്ബുങ്ങിൽ നിന്ന് ജനുവരി 14ന് യാത്ര തുടങ്ങും
അനുമതിയുമായി ബന്ധപ്പെട്ട് മണിപ്പുർ കോൺഗ്രസ് പ്രസിഡന്റ് കെ.മേഘചന്ദ്ര, മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ഇന്നു രാവിലെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ സന്ദർശിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് തൗബാൽ ജില്ലയിലെ ഖോങ്‌ജോമിലേക്ക് വേദി മാറ്റുമെന്നാണ് കോൺഗ്രസ് അറിയിക്കുകയും ചെയ്തു. വൈകിട്ടോടെയാണ് യാത്രയുടെ ഉദ്ഘാടന വേദിക്ക് ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പരമാവധി ജനസമ്പർക്കമുറപ്പാക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന രണ്ടാം ഘട്ട യാത്ര 100 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 14നു തുടങ്ങി മാർച്ച് 20 വരെ നീളുന്ന യാത്രയുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നു പരിഷ്കരിക്കുകയായിരുന്നു. ഭാരത് ന്യായ് യാത്ര എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.