ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു വൈവിധ്യമാർന്ന വസ്തുക്കൾ കാണിക്കയായി സമർപ്പിച്ച് ഭക്തർ. 108 അടി നീളമുള്ള ചന്ദനത്തിരി, 2100 കിലോഗ്രാം ഭാരമുള്ള മണി, 1100 കിലോ ഭാരമുള്ള വലിയ വിളക്ക്, സ്വർണമെതിയടി, പത്തടിയോളം ഉയരമുള്ള പൂട്ടും താക്കോലും,  എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന വലിയ ഘടികാരം എന്നിവയാണ് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഇതുവരെ എത്തിയ വ്യത്യസ്തമാർന്ന കാണിക്കകൾ. 

ഗുജറാത്തിലെ വഡോദരയിൽനിന്നാണ് 108 അടി ഉയരമുള്ള ചന്ദനത്തിരി എത്തിയത്. 3610 കിലോഗ്രാമാണ് ഭാരം. ആറുമാസം കൊണ്ടാണ് ഇത് നിർമിച്ചത്. പരിസ്ഥിതി സൗഹാർദപരമായാണ് ഈ ചന്ദനത്തിരി നിർമിച്ചിരിക്കുന്നത്. ഒന്നരമാസത്തോളം ഇത് സുഗന്ധം പരത്തുമെന്നും ചന്ദനത്തിരി നിർമിച്ച വഡോദര സ്വദേശി വിഹ ഭർവത് പിടിഐയോടു വ്യക്തമാക്കി. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം 420 കിലോഗ്രാം മറ്റുപ്രകൃതിദത്തവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് ഈ ചന്ദനത്തിരിയുടെ നിർമാണം. ഡൽഹിയിലെ കുത്തബ് മിനാറിന്റെ പകുതിയോളം ഉയരം വരുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 18ന് ഈ കൂറ്റൻ ചന്ദനത്തിരി അയോധ്യയിലെത്തും. 

രാമക്ഷേത്രത്തിലേക്കായി ഗുജറാത്തിൽനിന്ന് സ്വർണം പൂശിയ പെരുമ്പറയും എത്തുന്നുണ്ട്. ഉത്തർപ്രദേശിലെ ലക്നൗവിൽനിന്നാണ് വലിയ പൂട്ടും താക്കോലും ഭീമാകാരമായ മണിയും വലിയ ഘടികാരവും എത്തിയത്. നാഗ്പുരിൽനിന്ന് 7,000 കിലോഗ്രാം ഭാരമുള്ള ‘റാം ഹൽവ’ എന്ന മധുരപലഹാരവും അയോധ്യയിലെത്തി. മഥുരയിൽനിന്ന് 200 കിലോഗ്രാം ലഡുവാണ് അയോധ്യയിലേക്ക് എത്തുന്നത്. പ്രതിഷ്ഠാദിനത്തിൽ ഒരുലക്ഷം ലഡു അയോധ്യയിൽ വിതരണം ചെയ്യുമെന്ന് തിരുപ്പതി തിരുമല ക്ഷേത്ര ദേവസ്വം അറിയിച്ചു. ശ്രീരാമന്റെയും സീതയുടെയും അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രം പ്രിന്റ്ചെയ്ത സാരിയും രാമക്ഷേത്രത്തിന്റെ ആകൃതിയിലുള്ള വജ്ര നെക്ലസുമാണ് ഗുജറാത്തിലെ സൂറത്തിൽനിന്ന് അയോധ്യയിലേക്കെത്തുന്നത്. 5,000 അമേരിക്കന്‍ ഡയമണ്ട് ഉപയോഗിച്ചാണ് നെക്ലസ് പണിതിരിക്കുന്നത്. 

സീതയുടെ ജന്മസ്ഥലം എന്നു കരുതുന്ന നേപ്പാളിലെ ജനക്പുരിൽനിന്ന് 3000ത്തിലധികം കാണിക്കകളാണ് അയോധ്യയിലേക്ക് എത്തിയത്. ജനക്പുരിൽനിന്ന് വെള്ളിചെരുപ്പ്, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ കയറ്റി മുപ്പതിലധികം വാഹനങ്ങളാണ് അയോധ്യയിലേക്ക് ഈ ആഴ്ച എത്തുന്നത്. രാമായണത്തിൽ രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്ന് വിശ്വസിക്കുന്ന ലങ്കയിലെ അശോകവനത്തിൽനിന്ന് വ്യത്യസ്തമായ സമ്മാനവുമായാണ് ശ്രീലങ്കൻ ഭക്തൻ അയോധ്യയിലെത്തിയത്. അശോകവനത്തിൽനിന്നുള്ള പാറക്കല്ലായിരുന്നു രാമക്ഷേത്രത്തിലേക്കായുള്ള അദ്ദേഹത്തിന്റെ കാണിക്ക. തങ്ങളുടെ കാണിക്കകൾ ക്ഷേത്രത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് അവ നിർമിച്ചവർ. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. 

English Summary:

Special Gifts Sent For The Ram Temple In Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com