ADVERTISEMENT

കണ്ണൂർ∙ കൈവെട്ടുകേസിലെ ഒന്നാം പ്രതി സവാദ് 13 വർഷത്തിനു ശേഷം പിടിയിലായതിൽ പ്രതികരണവുമായി ടി.ജെ.ജോസഫ്. സവാദ് കേസിൽ ഒന്നാം പ്രതിയാകുന്നത് എന്നെ ഏറ്റവും അധികം മുറിപ്പെടുത്തിയ ആളെന്ന നിലയിലാണെന്നും ക്രിമിനൽ ബുദ്ധി തടവിലാക്കപ്പെടാത്തിടത്തോളം കാലം കൂടുതൽ ക്രിമിനൽ കേസുകൾ ഇനിയും സംഭവിച്ചേക്കാമെന്നും ടി.ജെ.ജോസഫ് പറഞ്ഞു. 

Read Also: അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദിനെ (38) കണ്ണൂർ മട്ടന്നൂരിൽ വച്ചാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്

ടി.ജെ.ജോസഫിന്റെ വാക്കുകള്‍

ആക്രമണം നടത്താൻ പദ്ധതി ഇടുകയും തീരുമാനം എടുക്കുകയും ചെയ്യുന്ന ആളുകളാണു മുഖ്യപ്രതികൾ. സവാദ് ഒന്നാം പ്രതിയാകുന്നതു നമ്മുടെ നിയമവ്യവസ്ഥയുടെ മുൻപാകെ എന്നെ ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആളെന്ന നിലയിലാണ്. അദ്ദേഹത്തെ പിടികൂടിയതിൽ പൗരനെന്ന നിലയിൽ സന്തോഷമുണ്ട്. നിയമവ്യവസ്ഥയെ മാനിക്കുന്ന ഒരാളെന്ന നിലയിൽ, നിയമത്തെ വെല്ലുവിളിച്ചു നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതിൽ സന്തോഷമുണ്ട്. വ്യക്തിപരമായി വിഷയത്തിൽ താൽപര്യമില്ല. 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതു പൊലീസ് വകുപ്പിന് അഭിമാനിക്കാവുന്ന കാര്യമാണ്. അവരുടെ ഒരു ബാധ്യത തീർന്നു, അവർക്കു സമാധാനിക്കാം. രാജ്യത്ത് നിയമസംവിധാനം ഫലപ്രദമായി നടക്കുന്നു എന്നതിൽ പൗരന്മാർക്ക് അഭിമാനിക്കാം.

പൗരനെന്ന നിലയിൽ ഭരണസംവിധാനത്തിന്റെ വിജയമായിട്ടു മാത്രമേ കാണുന്നുള്ളു. കേസുമായി നേരിട്ട് ബന്ധപ്പെട്ടു വന്ന കുറെയാളുകളെ, ആക്രമണത്തിന്റെ മുമ്പിൽനിന്നവരെ മാത്രമേ പ്രതി ചേർത്തിട്ടുള്ളു. കേസിന്റെ അന്വേഷണം അതിന്റെ ഉപജ്ഞാതാക്കളിലേക്കു പോയിട്ടില്ലെന്നാണു തോന്നിയിട്ടുള്ളത്. അവരിലേക്കു കേസിന്റെ അന്വേഷണം എത്താത്തിടത്തോളം കാലം ഇതുപോലുള്ള കുറ്റകൃത്യങ്ങൾ പൂർണ്ണമായും നിരോധിക്കാൻ പറ്റില്ല. അവരുടെ പടയാളികള്‍, അവരുടെ ആയുധങ്ങളായി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങളാണു പ്രതികളായി കൂടുതലും ശിക്ഷിക്കപ്പെടുന്നത്. ക്രിമിനൽ ബുദ്ധി തടവിലാക്കപ്പെടാത്തിടത്തോളം കാലം കൂടുതൽ ക്രിമിനൽ കേസുകൾ ഇനിയുമുണ്ടായേക്കാം.

English Summary:

T J Joseph respond after main culprit was caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com