‘എംടി നട്ടെല്ലുള്ള എഴുത്തുകാരൻ, സഖാക്കൾക്ക് ഇനി എംടി സാഹിത്യം വരേണ്യം’; വിമർശിച്ച് ജോയ് മാത്യു
Mail This Article
കോഴിക്കോട് ∙ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. എംടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നതു സർവാധികാരിയെന്ന് അഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽനിന്ന് ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ‘എഴുത്തുകാരൻ എന്നാൽ’ എന്ന ശീർഷകത്തിൽ തുടങ്ങുന്ന കുറിപ്പിലാണ് പരാമർശം.
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടി മൂടിയെന്നുമാണ് എംടി പ്രസംഗിച്ചത്. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു. എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എംടി വിമർശിച്ചതു കേന്ദ്ര സർക്കാരിനെയാണെന്നും ഇ.പി. പറഞ്ഞു.
ജോയ് മാത്യുവിന്റെ കുറിപ്പ്:
എഴുത്തുകാരൻ എന്നാൽ ...
എംടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽനിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്കുനേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എംടിയാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യം!)