ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. ഈ നാരീശക്തി പ്രകടനത്തിൽ മലയാളികൾക്കും അഭിമാനിക്കാം: മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു 147 അംഗ സംഘത്തെ നയിക്കുന്നത്. തൃശൂർ ചാലക്കുടി സ്വദേശിയായ ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്.

ഡൽഹി നോർത്ത് ഡിസ്ട്രിക്ട് അഡീഷനൽ ഡിസിപിയാണു ശ്വേത. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം തവണയും ഈ നിയോഗമെത്തിയത്. പൊലീസ് സംഘത്തിന്റെ നായികയായി ശ്വേത മാർച്ച് ചെയ്യുമ്പോൾ അഭിമാന നിമിഷങ്ങൾക്കു സാക്ഷികളായി അച്ഛൻ കെ.എസ്.സുഗതനും അമ്മ ബിന്ദുവും ഗാലറിയിലുണ്ടാകും.

എൻജിനീയറിങ്ങിൽ നിന്ന് ഐപിഎസിലേക്ക് 

2019 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ശ്വേത ചാലക്കുടി കാർമൽ സ്കൂളിൽ നിന്ന് 10, 12 ക്ലാസുകളിൽ മുഴുവൻ മാർക്കും നേടിയാണു പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്നു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്ങിൽ ബിടെക് നേടിയ ശേഷം സിവിൽ സർവീസിനു തയാറെടുത്തു. ചാലക്കുടി എൽഐസി ഓഫിസിൽ ഉദ്യോഗസ്ഥയാണ് അമ്മ ബിന്ദു. അച്ഛൻ സുഗതൻ പോസ്റ്റൽ വകുപ്പിൽ നിന്നു വിരമിച്ച ശേഷം ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുന്നു.

അഭിമാനമായി ആദ്യാനുഭവം 

പരേഡ് നയിക്കുന്ന ശ്വേതയൊഴികെ മറ്റെല്ലാ വനിത കോൺസ്റ്റബിൾമാരും ആദ്യമായി റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുന്നവരാണെന്നു സ്പെഷൽ പൊലീസ് കമ്മിഷണർ (ആംഡ് പൊലീസ്) റോബിൻ ഹിബു പറഞ്ഞു. ഇതിനു പുറമേ, വനിത കോൺസ്റ്റബിൾ റുയാംഗുന്വോ കെൻസെ നയിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ പൈപ്പ് ബാൻഡ് സംഘമാണ് ഇത്തവണ ഡൽഹി പൊലീസിന്റെ ഗാനം ആലപിച്ച് കർത്തവ്യ പഥിലൂടെ നീങ്ങുക. കഴിഞ്ഞ വർഷവും വനിതകളുടെ മാത്രം പൈപ്പ് ബാൻഡ് ആയിരുന്നു പങ്കെടുത്തത്. നയിച്ചത് ഇൻസ്പെക്ടർ രജീന്ദർ സിങ് ആയിരുന്നു. 

പരേഡിൽ പങ്കെടുക്കുന്ന വനിത കോൺസ്റ്റബിൾമാരിൽ 80 ശതമാനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളരാണ്. ഡിസംബർ മുതൽ കടുത്ത തണുപ്പിനെ അവഗണിച്ച് നടത്തുന്ന അതികഠിനമായ പരിശീലനത്തിനു ശേഷമാണു ഇവർ പരേഡിൽ അണിചേരുന്നത്.

English Summary:

Republic Day 2024: All-women contingent of Delhi Police to participate in parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com