എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ല; മാധ്യമങ്ങളുടെ ശ്രമം മോദിയെ രക്ഷിക്കാൻ: അശോകൻ ചരുവിൽ
Mail This Article
തിരുവനന്തപുരം∙ എം.ടി.വാസുദേവൻ നായരുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും മാധ്യമങ്ങളുടേത് നികൃഷ്ടശ്രമമാണെന്നും കുറ്റപ്പെടുത്തി എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ അശോകൻ ചരുവിൽ. മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാഖ്യാനിക്കാൻ നികൃഷ്ട മാധ്യമശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെടുന്ന അമിതാധികാരത്തെക്കുറിച്ചാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്നു വ്യാഖ്യാനിക്കാൻ നികൃഷ്ട മാധ്യമശ്രമമുണ്ടായി. ഫാഷിസ്റ്റ് നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കുന്നതിനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. ഈ നീക്കത്തിന് എംടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്.’’–അശോകൻ ചരുവിൽ വ്യക്തമാക്കി.
ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നാണു കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എംടി തുറന്നടിച്ചത്. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടനകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞിരുന്നു.