‘ഒത്തിരി നാളുകൾക്കു ശേഷം കേൾക്കുന്ന പല്ലുള്ള രാഷ്ട്രീയ വിമർശനം; മൂർച്ചയുള്ള ശബ്ദം’
Mail This Article
കോട്ടയം∙ കോഴിക്കോട് നടന്ന കേരള ലിറ്ററേച്വർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപൊലീത്ത ആയിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ഒത്തിരി നാളുകൾക്കു ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽനിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഗീവർഗീസ് മാർ കൂറിലോസിന്റെ ഫെയ്സ്ബുക് കുറിപ്പ്:
ഒത്തിരി നാളുകൾക്കുശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽനിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത്... എംടിക്ക് നന്ദി... അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം... മൂർച്ചയുള്ള ശബ്ദം... കാതുള്ളവർ കേൾക്കട്ടെ... അധികാരം അടിച്ചമർത്താൻ ഉള്ളതല്ല... അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ...
ഇന്നലെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എം.ടി.വാസുദേവൻ നായർ പറഞ്ഞു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞു. നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.