'ജെസ്ന വീടുവിട്ടിറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരം, കേസ് സിബിഐ തെളിയിക്കുമെന്നാണ് വിശ്വാസം'
Mail This Article
തിരുവനന്തപുരം∙ കൃത്യമായി ആസൂത്രണം നടത്തിയശേഷമാണ് ജെസ്ന വീട്ടിൽനിന്ന് പോയതെന്നു മുൻ ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമൺ. 2018ൽ എരുമേലിയിൽനിന്ന് ജെസ്നയെ കാണാതായതിനെ തുടർന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചെങ്കിലും ജെസ്നയെ കണ്ടെത്താനായില്ല. ജെസ്നയെ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ജെസ്നയുടെ പിതാവിനോടു നേരിട്ട് ഹാജരായി തടസവാദങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാൻ സിജെഎം കോടതി നിർദേശിച്ചിരിക്കുകയാണ്.
ഇറങ്ങി പോകാൻ കാരണങ്ങളുണ്ട്, അതിലേക്ക് എത്താനാകണം
ജെസ്നയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ചു സംശങ്ങളുണ്ട്. അതിൽ തെളിവുകൾ ലഭിച്ചാലേ പുറത്തു പറയാൻ കഴിയൂ. അതിലേക്ക് അന്വേഷണസംഘത്തിന് എത്താൻ കഴിയണം. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ കുടുംബപ്രശ്നമല്ല. ജെസ്നയ്ക്കു പ്രേമബന്ധം ഉണ്ടായിരുന്നില്ല. തിരോധാനത്തിലേക്കു നയിച്ച കാരണങ്ങളെ സംബന്ധിച്ച് സിബിഐയ്ക്കും വിവരങ്ങളുണ്ട്. അത് പിന്തുടർന്ന് അവർ കേസ് തെളിയിക്കാനാണു ശ്രമിക്കുന്നത്. സിബിഐയുമായി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് തമിഴ്നാട്ടിൽ ജെസ്നയെ കണ്ടതായുള്ള വാദങ്ങൾ ശരിയല്ലെന്നും കെ.ജി.സൈമൺ പറഞ്ഞു. ജെസ്നയുടെ പിതാവിന്റെ ജോലിക്കാരന്റെ സ്ഥലം തമിഴ്നാടാണ്. അവിടെനിന്നു കോളുകൾ വന്നിട്ടുണ്ട്. ജെസ്ന തമിഴ്നാട്ടിലെ ജോലിക്കാരന്റെ വീട്ടിൽ കുടുംബമായി പോയിട്ടുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ ബന്ധമുണ്ട്. ഈ സന്ദര്‍ശനങ്ങൾക്കു തിരോധാനവുമായി ബന്ധമില്ല. 8 മാസമേ കേസ് അന്വേഷിക്കാന്‍ കഴിഞ്ഞൂള്ളൂ. കേസ് സിബിഐയ്ക്ക് തെളിയിക്കാനാകുമെന്നാണു വിശ്വാസമെന്നും കെ.ജി.സൈമൺ പറഞ്ഞു.
മതതീവ്രവാദ ബന്ധത്തിന് തെളിവില്ല
ജെസ്ന വീട്ടിൽനിന്നു പോയപ്പോൾ മുതൽ സംഭവിച്ച കാര്യങ്ങളെല്ലാം പരിശോധിച്ചതായി കെ.ജി.സൈമൺ പറഞ്ഞു. വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് അന്വേഷിച്ചത്. ബാക്കിയെല്ലാം വിട്ടു കളഞ്ഞു. ലോക്കൽ പൊലീസിന്റെ സംശയങ്ങൾ ക്രൈംബ്രാഞ്ചും പരിശോധിച്ചു. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ ബന്ധമുണ്ടോയെന്നു നോക്കി. അതിനുള്ള തെളിവുകൾ ലഭിച്ചില്ല. ജെസ്ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വഷണത്തിൽ വ്യക്തമായത്. ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല. ഫോണില്ലാതെയാണു ജെസ്ന വീട്ടിൽനിന്ന് പോയത്. വീട്ടിൽനിന്ന് ഓട്ടോയിൽ കയറി പോകുമ്പോൾ ബന്ധുവിനെ കണ്ട് ഓട്ടോയിലെ സീറ്റിൽ പുറകിലേക്കു മാറി.
പിതാവിനെയോ ബന്ധുക്കളെയോ സംശയിച്ചിട്ടില്ല
പിതാവിനെയോ ബന്ധുക്കളെയോ ക്രൈംബ്രാഞ്ച് സംശയിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരോധാനത്തിൽ പിതാവിനു ബന്ധമില്ലെന്നും കണ്ടെത്തി. ജെസ്നയോടു ഫോണിൽ സംസാരിച്ച കൂട്ടുകാരെയും അവരുടെ കൂട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. ഫോൺ രേഖകൾ പരിശോധിച്ചു. ജെസ്നയുടെ ഫോണിലേക്കുവന്ന കോളുകളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പരിശോധിച്ചു. ചില കോളുകളിൽ സംശയമുണ്ടായിരുന്നു. അത് ദുരീകരിക്കേണ്ടതുണ്ട്. ഏറ്റവും അവസാനം വിളിച്ചത് അച്ഛന്റെ സഹോദരിയെ ആണ്.
ബെംഗളൂരുവിലും ചെന്നൈയിലും കോയമ്പത്തൂരിലും കണ്ടത് ജെസ്നയെ ആയിരുന്നില്ല
2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയത്. നാലാം ദിവസമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ടാഴ്ച ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ജെസ്നയെ കണ്ടെത്താന്‍ നാലായിരത്തോളം മൊബൈല്‍ നമ്പരുകള്‍ പൊലീസ് പരിശോധിച്ചു. കൂട്ടുകാര്‍ക്കിടയില്‍ അന്വേഷണം നടത്തി. കാണാതായ ദിവസം ജെസ്നയെ 16 തവണ വിളിച്ച സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജെസ്ന പോയ സ്ഥലങ്ങളിലും ജെസ്നയെ കണ്ടതായി വിവരം ലഭിച്ച സ്ഥലങ്ങളിലും പരിശോധന നടത്തി. 2018 മേയ് 27ന് അന്നത്തെ ഐജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഡിജിപി നിയമിച്ചു. പത്തനംതിട്ട എസ്പി ഓപ്പറേഷനല്‍ ഹെഡും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായി 35 അംഗ ടീമാണ് രൂപീകരിച്ചത്. ഒരു വര്‍ഷമായിട്ടും ജെസ്നയെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധം ശക്തമായപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുത്തു. അവര്‍ക്കും ജെസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി.
ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. ജെസ്നയെ അവസാനമായി കണ്ടത് ചാത്തൻതറ – കോട്ടയം റൂട്ടിൽ ഓടുന്ന ബസിലാണ്. രാവിലെ 9.15നു ചാത്തൻതറയിൽനിന്നു പുറപ്പെട്ട ബസിൽ മുക്കൂട്ടുതറയിൽനിന്നാണ് ജെസ്ന കയറിയത്. അവിടെനിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. ഇതിനു സ്ഥിരീകരണമില്ല. അവിടെനിന്ന് എവിടേക്കു മറഞ്ഞെന്നു ആർക്കുമറിയില്ല. 2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിൽനിന്ന് ഇറങ്ങിയത്. മുണ്ടക്കയം കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ഇതിനു തെളിവാണ്. ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറുകയും ചെയ്തിരുന്നു.