കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം: ഹൈക്കോടതിയെ സമീപിച്ച് വി.ഡി.സതീശൻ
Mail This Article
കൊച്ചി∙ കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷ നേതാവിന്റെ ഹർജി. സംസ്ഥാനത്തിന്റെ വികസനത്തിനു നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ജൂൺ 5നാണ് കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത്. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്‍റര്‍നെറ്റ് കണക്‌ഷൻ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്‌ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്. 17,412 ഓഫിസുകളുടെ കണക്ക് ഏഴു മാസത്തിന് മുൻപ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18,063 ആയതേ ഉള്ളു. മാത്രമല്ല 14,000 വീടുകളുടെ കൃത്യമായ വിവരങ്ങൾ ഇതുവരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല.