യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘർഷം; നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച് പൊലീസ്
Mail This Article
കണ്ണൂര്‍ ∙ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം നാലു പേര്‍ക്കു പരുക്കേറ്റു. പ്രവർത്തകർ പ്രതിഷേധവുമായി എത്തിയ ഉടൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിൽ വാക്കേറ്റമാവുകയും പിന്നീടുണ്ടായ സംഘർഷത്തെത്തുടർന്ന് ലാത്തി വീശുകയും ചെയ്തു.
നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച പൊലീസ്, ഇവരുടെ വസ്ത്രം വലിച്ചുകീറി. പിടിവലിക്കിടെ പ്രവര്‍ത്തകയുടെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക വിവരം. കോട്ടയത്ത് എസ്‌പി ഓഫിസ് മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.