‘ഇന്ത്യ’യ്ക്ക് പ്രധാനമന്ത്രി മുഖം ആവശ്യമില്ല; മുന്നണിക്കുള്ളിൽ ഒരു അതൃപ്തിയും ഇല്ല: ശരദ് പവാർ
Mail This Article
മുംബൈ∙ പ്രതിപക്ഷ ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രി മുഖം ആവശ്യമില്ലെന്ന് മുന്നണിയിലെ സഖ്യകക്ഷിയായ എൻസിപിയുടെ മേധാവി ശരദ് പവാർ. മുന്നണിയുടെ പേരിൽ വോട്ട് തേടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പ്രധാനമന്ത്രി മുഖം ഉയർത്തിക്കാട്ടേണ്ട ആവശ്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. ഇന്ത്യ മുന്നണിയുടെ പേരിൽ വോട്ട് ചോദിക്കണം. രാജ്യത്തിന് ഒരു ബദൽ നൽകാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’’– അദ്ദേഹം പറഞ്ഞു. 1977-ൽ മൊറാർജി ദേശായി ജനതാ പാർട്ടിയുടെ കീഴിൽ പ്രധാനമന്ത്രിയായപ്പോഴത്തെ രാഷ്ട്രീയ ഉദാഹരണവും പവാർ പരാമർശിച്ചു.
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ കുറിച്ചും സീറ്റു പങ്കിടൽ ചർച്ചകളെക്കുറിച്ചും ഉള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ നിരസിച്ച അദ്ദേഹം, ‘മുന്നണിക്കുള്ളിൽ ഒരു അതൃപ്തിയും ഇല്ലെ’ന്ന് വ്യക്തമാക്കി. സീറ്റ് പങ്കിടൽ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർമാനായി തിരഞ്ഞെടുത്തതിനെ കുറിച്ച് പവാർ പറഞ്ഞു. ‘‘ചില നേതാക്കൾ ഖർഗെയെ പ്രസിഡന്റ് ആക്കണമെന്ന് നിർദ്ദേശിച്ചു. പലരും അത് സമ്മതിച്ചു. നിതീഷ് കുമാറിനെ കൺവീനറായും പലരും നിർദ്ദേശിച്ചു. എന്നാൽ, നിതീഷ് കുമാർ അതു നിരസിച്ചു. തൽക്കാലം അതിന്റെ ആവശ്യമില്ലെന്ന് നിതീഷ് പറഞ്ഞു’’– പവാർ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘‘ഉദ്ഘാടനത്തിന് പോകാത്തതിനാലാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. എന്നാൽ ക്ഷേത്രത്തിന്റെ നിര്‍മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഉദ്ഘാടനം നടത്തുന്നത്. രാമക്ഷേത്രത്തിന് ആരും എതിരല്ല’’– അദ്ദേഹം പറഞ്ഞു.