ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റ് പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മിർപൂരിൽ  സന്ദർശനം നടത്തിയതിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ജെയ്ൻ മാരിയറ്റ് ജനുവരി 10നാണ് മിർപുർ സന്ദർശിച്ചത്. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രദേശം സന്ദർശിച്ച ജെയ്ൻ മാരിയറ്റ് ഇതിന്റെ ചിത്രങ്ങൾ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. ‘മിർപൂരിൽ നിന്നുള്ള സലാം. ബ്രിട്ടനിലെ 70 ശതമാനം പാക്കിസ്ഥാൻകാരുടെ വേരുകളും മിർപൂരിൽ നിന്നാണ്. ഇരുവിഭാഗങ്ങളുടെയും താൽപര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നത് നിർണായകമാകുന്നു. നിങ്ങളുടെ ആതിഥ്യത്തിന് നന്ദി’’– ചിത്രങ്ങൾക്കൊപ്പം അവർ കുറിച്ചു. പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ എക്സ് അക്കൗണ്ടിൽ ജെയ്ൻ മാരിയറ്റ് പ്രദേശം സന്ദർശിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിരുന്നു. അവർ ഒരു ബേക്കറിയിൽ പോകുന്നതും ജില്ലാ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതും വിഡിയോയിൽ കാണാം. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ, പാക്കിസ്ഥാനിലെ അമേരിക്കൻ അംബാസഡർ ഡൊണാൾഡ് ബ്ലോമിന്റെ പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യ യുഎസിനോടും ആശങ്ക ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ലോക സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് അംബാസഡർ 2022ലും പാക് അധിനിവേശ കശ്മീരിൽ സന്ദർശനം നടത്തി.

കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാക് അധിനിവേശ കശ്മീർ നമ്മുടേതാണെന്ന് ഊന്നിപ്പറയുകയും, ജമ്മു കശ്മീർ നിയമസഭയിൽ പാക് അധിനിവേശ കശ്മീരിനായി 24 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

English Summary:

India protests POK visit by British envoy to Pakistan, says ‘highly objectionable’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com