‘എന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്ന് കരുതി’: ലൈംഗിക ചൂഷണം വെളിപ്പെടുത്തിയതിനു പിന്നാലെ പോൺ താരത്തിന്റെ മരണം
Mail This Article
ലിമ∙ പെറുവിൽ രതിചിത്ര (പോൺ ഫിലിം) നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പെറുവിലെ ട്രൂജില്ലോയിലെ വീട്ടിലാണ് നടി തൈന ഫീൽഡ്സി(24)നെ കഴിഞ്ഞ ശനിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. പോൺ സിനിമാ രംഗത്ത് നേരിടേണ്ടി വന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മാസങ്ങൾക്കുശേഷമാണ് തൈനയുടെ മരണം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പെറുവിലെ അറിയപ്പെടുന്ന പോൺ താരമായ തൈന ഫീൽഡ്സ് ‘ചിനിത’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചുപെറ്റിൻ ട്രൂജില്ലോ എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് തൈന വിനോദ രംഗത്തേക്കു ചുവടുവച്ചത്. അശ്ലീല ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനു പേരുകേട്ട നിർമാണ കമ്പനിയായ മിലി പെറുവുമായി സഹകരിച്ചാണു പോൺ രംഗത്ത് അരങ്ങേറിയത്.
പോൺ രംഗത്ത് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് എട്ടു മാസം മുൻപാണ് തൈന ഫീൽഡ്സ് തുറന്നുപറഞ്ഞത്. ‘‘എന്നെ അഭിനയിപ്പിച്ചാൽ എന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. പലഘട്ടങ്ങളിലും കടുത്ത സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. ഒരുപാട് കരഞ്ഞ ദിവസങ്ങൾ പോലുമുണ്ടായി. എന്നാലും, ആ സാഹചര്യങ്ങൾ വീണ്ടും നേരിടേണ്ടിവന്നു’’– തൈന പറഞ്ഞു.
മാനസികമായി നേരിടുന്ന വിഷമങ്ങളെക്കുറിച്ചും തൈന വെളിപ്പെടുത്തി. ഉറക്കഗുളികളുടെ സഹായത്തോടെയാണ് ഉറങ്ങുന്നതെന്നും തെറപ്പിയുടെയും മരുന്നുകളുടെയും സഹായത്തോടെയാണു ജീവിതം മുന്നോട്ടു പോകുന്നതെന്നും അവർ പറഞ്ഞു. താരത്തിന്റെ തുറന്നുപറച്ചിൽ പോൺ ഇൻഡസ്ട്രിയിലും പുറത്തും വൻ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിനിടെയാണ് തൈനയുടെ മരണം സംഭവിച്ചത്.