'പ്രധാനമന്ത്രി'യാക്കിയില്ല, കണ്‍വീനറും; നിതീഷിനെ വീണ്ടും വെട്ടി മമത: പുകഞ്ഞ് 'ഇന്ത്യ'
Mail This Article
ന്യൂഡല്‍ഹി∙ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനുറച്ച് രൂപീകരിക്കപ്പെട്ട 'ഇന്ത്യ' മുന്നണിയില്‍ സ്ഥാനമാനങ്ങളെ ചൊല്ലി പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ തുടരുന്ന അഭിപ്രായഭിന്നത പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയവൃത്തങ്ങള്‍. ഏറ്റവും ഒടുവില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ കൺവീനറായി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുന്നതിനെ തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി എതിർത്തുവെന്ന് റിപ്പോർട്ട്. 2023 സെപ്റ്റംബറിൽ നടന്ന മുന്നണിയുടെ മുംബൈ യോഗത്തിൽ തന്നെ നിതീഷ് കുമാറിനെ മുന്നണിയുടെ കൺവീനറാക്കാനുള്ള നിർദ്ദേശത്തിൽ മമത ബാനർജി വിയോജിപ്പ് പ്രകടിപ്പിച്ചതായി ഒരു മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞു.
‘‘ഇന്ത്യ മുന്നണിയുടെ ഈ വിഷയത്തിൽ മമത ബാനർജി മാത്രമേ സംസാരിക്കൂ. മുന്നണിയുടെ മറ്റു കക്ഷികൾക്കൊപ്പം നിതീഷ് കുമാറിനെ കൺവീനറാക്കാനുള്ള നിർദ്ദേശത്തിൽ പാർട്ടിയുടെ നിലപാട് അവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്’’– ഒരു മുതിർന്ന തൃണമൂൽ നേതാവ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച മറ്റുപരിപാടികളെ തുടർന്ന് ശനിയാഴ്ച ചേർന്ന മുന്നണിയുടെ വെർച്വൽ യോഗത്തിൽ മമത പങ്കെടുത്തിരുന്നില്ല.
കൺവീനറായി തന്റെ പേരു യോഗത്തിൽ നിർദ്ദേശിച്ചെങ്കിലും എല്ലാ പാർട്ടികളും സമവായത്തിലെത്തുമ്പോൾ മാത്രമേ താൻ ആ സ്ഥാനം സ്വീകരിക്കുകയുള്ളൂവെന്ന് പറഞ്ഞ് നിതീഷ് കുമാർ കൺവീനർ സ്ഥാനം യോഗത്തിൽ നിരസിച്ചു. നിതീഷ് കുമാറിനെ കൺവീനറായും പലരും നിർദ്ദേശിച്ചുവെന്നും എന്നാൽ തൽക്കാലം അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് നിതീഷ് അതു നിരസിച്ചുവെന്നും യോഗത്തിനു ശേഷം എൻസിപി മേധാവി ശരദ് പവാർ പ്രതികരിച്ചിരുന്നു. കൺവീനറെ നിയമിക്കേണ്ട ആവശ്യമില്ലെന്നും പാർട്ടി മേധാവികളുടെ ഒരു സംഘം രൂപീകരിച്ചാൽ മതിയെന്നും പവാർ പറഞ്ഞു. കൺവീനറെ നിയമിക്കുന്നതിൽ മുന്നണി അംഗങ്ങൾക്കിടയിൽ തർക്കം ഉണ്ടായിരുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി മുഖം ഉയർത്തി കാണിക്കേണ്ട ആവശ്യമില്ലെന്ന് നിതീഷ് കുമാർ നിർദ്ദേശിച്ചതായും പവാർ പറഞ്ഞു.
നിതീഷ് കുമാറിനെ കൺവീനറായി നിയമിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മുന്നണിയുടെ കഴിഞ്ഞ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേരു ചർച്ചയായതോടെ നീരസത്തിലായ നിതീഷിന് കൺവീനർ സ്ഥാനം നൽകിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
സീറ്റു പങ്കിടലും മുന്നണിയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളും അവലോകനം ചെയ്യുന്നതിനായാണ് ഇന്ത്യയുടെ വെർച്വൽ യോഗം ശനിയാഴ്ച ചേർന്നത്. യോഗത്തിൽ മല്ലികാർജുന്‍ ഖർഗെയെ മുന്നണിയുടെ ചെയർമാനായി തിരഞ്ഞെടുത്തിരുന്നു.