കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്.മുസ്തഫ അന്തരിച്ചു
Mail This Article
കൊച്ചി∙ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായി. ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടിലെത്തിച്ച്, പൊതുദർശനത്തിനു ശേഷം രാത്രി മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി.
എറണാകുളം പെരുമ്പാവൂർ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബർ ഏഴിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
14 വർഷം ഡിസിസി പ്രസിഡന്റായിരുന്നു. 1977ൽ ആലുവയില്‍നിന്ന് ആദ്യമായി നിയമസഭാംഗമായ അദ്ദേഹം, കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് 1982, 1987, 1991, 2001 വർഷങ്ങളിലും നിയമസഭയിലെത്തി. 1991-1995 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
ഐഎൻടിയുസിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
∙ അനുശോചിച്ച് മുഖ്യമന്ത്രി
ടി.എച്ച്.മുസ്തഫയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി, നിയമസഭാ സാമാജികൻ, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
∙ ‘ജനകീയ അടിത്തറയുണ്ടാക്കിയ നേതാവ്’
എറണാകുളം ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ടി.എച്ച്.മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. ‘‘14 വർഷമാണ് അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഡിസിസി അധ്യക്ഷൻ, കെപിസിസി ഭാരവാഹി, എംഎൽഎ, മന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് എത്തിയ നേതാവാണ്.
കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്നതായിരുന്നു മുസ്തഫയുടെ പ്രവർത്തന രീതി. മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്നു. പെതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. രാഷ്ട്രീയ പ്രവർത്തന രംഗത്ത് നിർലോഭമായ പിന്തുണയാണ് എനിക്ക് നൽകിയത്. ടി.എച്ച് മുസ്തഫയുടെ നിര്യാണം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’