‘വഞ്ചിക്കുകയാണോ അതോ വിവേചനമോ?’: ബ്രിട്ടിഷ് എയർവെയ്സിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥ
Mail This Article
ന്യൂഡൽഹി∙ ബ്രിട്ടിഷ് എയർവെയ്സിനെതിരെ ആരോപണവുമായി ഇന്ത്യൻ ഐഎഎസ് ഉദ്യേഗസ്ഥ. പ്രീമിയം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്തിരുന്നെങ്കിലും ചെക് ഇൻ സമയത്ത് അത് നൽകാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് അശ്വിനി ബിദെ പറഞ്ഞു. തന്നെ വംശീയമായി അധിക്ഷേപിക്കുകയാണോ എന്നാണ് സംഭവം ചൂണ്ടിക്കാട്ടി അശ്വിനി സമൂഹമാധ്യമത്തിൽ കുറിച്ചത്.
മഹാരാഷ്ട്ര കേഡറിലെ 1995 ബാച്ച് ഐഎഎസ് ഓഫിസറാണ് അശ്വിനി. ‘‘ബ്രിട്ടിഷ് എയർവെയ്സ്, നിങ്ങൾ എന്നെ വഞ്ചിക്കുകയാണോ അതോ വംശീയ/വിവേചനപരമായ നയങ്ങൾ പിന്തുടരുകയാണോ? ബുക്കിങ് കൂടുതലാണ് എന്ന വ്യാജേന എങ്ങനെയാണ് പ്രീമിയം ഇക്കോണമി ക്ലാസ് ബുക്ക് ചെയ്ത യാത്രക്കാരിയെ തരംതാഴ്ത്താൻ നിങ്ങൾക്ക് കഴിയുക? നഷ്ടംപരിഹാരം വേണ്ട, ബുക്ക് ചെയ്ത പണം പോലും തിരികെ നൽകാതെ എങ്ങനെ ഇത് ചെയ്യാൻ സാധിക്കും. ബ്രിട്ടിഷ് എയർവെയ്സിൽ ഇത് സ്ഥിരം സംഭവമാണ്’’– അശ്വിനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മുംബൈ വിമാനത്താവളം, ഡിജിസിഎ, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ ടാഗ് ചെയ്തായിരുന്നു അശ്വിനിയുടെ കുറിപ്പ്. സംഭവത്തിൽ ബ്രിട്ടിഷ് എയർവെയ്സ് ഖേദം രേഖപ്പെടുത്തി. അശ്വിനിക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി കമ്പനി പറഞ്ഞു.. അശ്വിനിയുടെ പോസ്റ്റിനു പിന്നാലെ വിമാനക്കമ്പനിക്കെതിരെ നിരവധി യാത്രക്കാർ രംഗത്തുവന്നു.