കോൺഗ്രസ് വിട്ടത് ‘രാഹുൽ ടീമിലെ’ 9 പ്രമുഖർ; പ്രതിപക്ഷ ഐക്യം ഉറപ്പിക്കുമ്പോൾ കൈ ചോരുന്നു
Mail This Article
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസിന് പ്രഹരം ഏൽപ്പിച്ചാണു മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ശിവസേനയിലേക്ക് ചേക്കേറിയത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽ തുടങ്ങിയ ദിവസമായിരുന്നു കൂടുമാറ്റം. തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുൻപ് അവസരങ്ങൾ തേടി പോകുന്ന കോൺഗ്രസ് നേതാക്കളുടെ ശീലം തുടരുമ്പോൾ പാർട്ടിക്ക് വെല്ലുവിളി ഏറുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ‘ഇന്ത്യ’ മുന്നണിയിലൂടെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, സ്വന്തം നേതാക്കൾ കൊഴിഞ്ഞുപോകാതെ നോക്കേണ്ട സ്ഥിതിയിലാണ്. 55 വർഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ് എന്നാണ്, ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ ഭാഗമാകുമ്പോൾ ദേവ്റ സമൂഹമാധ്യമത്തിൽ കുറിച്ചത്.
കോണ്‍ഗ്രസിൽനിന്ന് പല പാർട്ടികളിലേക്ക് ചേക്കേറുന്ന ‘രാഹുൽ ഗാന്ധി ടീമി’ലെ ഒടുവിലത്തെ ആളാണ് മിലിന്ദ് ദേവ്റ. 2019 മുതൽ, ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 9 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.
മിലിന്ദ് ദേവ്റ
മുൻ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരളി ദേവ്റയുടെ മകനാണു മിലിന്ദ്. 5 പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്സഭാ സീറ്റ് ഇത്തവണ സഖ്യകക്ഷിയായ ശിവസേനയിലെ ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെയാണു മിലിന്ദിന്റെ ചുവടുമാറ്റം. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്.
ഹാർദിക് പട്ടേൽ
ഗുജറാത്തിലെ പട്ടേൽ വിഭാഗം നേതാവും കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ 2022 മേയിലാണ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിത്. ഒരു മാസത്തിനു ശേഷം അദ്ദേഹം ബിജെപിയിൽ ചേർന്നു. പട്ടേൽ സമുദായ പ്രക്ഷോഭത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന ഹാർദിക്, 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണു കോൺഗ്രസിൽ ചേർന്നത്.
‘ജനങ്ങളുടെ പ്രശ്നങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യമില്ലെന്നും ഡൽഹിയിൽ നിന്നെത്തുന്ന നേതാക്കൾക്കു ചിക്കൻ സാൻവിച്ച് നൽകുന്നതിലും മൊബൈൽ ഫോണിൽ വരുന്ന സന്ദേശങ്ങളിലുമാണ് ശ്രദ്ധ’യെന്നും രൂക്ഷ വിമർശനം ഉന്നയിച്ച ശേഷമായിരുന്നു ഹാർദിക്കിന്റെ രാജി.
അശ്വിനി കുമാർ
2022ൽ, പഞ്ചാബിലെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ കോൺഗ്രസ് വിട്ടത്. 46 വർഷമായി പാർട്ടി അംഗമായ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പടിയിറക്കം.
യുപിഎ മന്ത്രിസഭയിൽ 2009 മുതൽ അംഗമായിരുന്ന അശ്വനി കുമാറിന് കൽക്കരിപ്പാടം സംബന്ധിച്ച സിബിഐ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന ആരോപണത്തിന്റെയും കോടതി പരാമർശത്തിന്റെയും പേരിൽ 2013 മേയ് 10നു രാജിവയ്‌ക്കേണ്ടി വന്നിരുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു അശ്വനി കുമാർ.
പാർട്ടിയിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ കത്തയച്ചപ്പോൾ, ശക്തമായി വിമർശിച്ച നേതാക്കളിൽ ഒരാളുമാണ്. 2002 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡീഷനൽ സോളിസിറ്റർ ജനറൽമാരിൽ ഒരാളെന്ന ഖ്യാതിയുമുണ്ട്.
സുനിൽ ഝാക്കർ
പഞ്ചാബിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ 2022ലാണ് പാർട്ടി വിടുന്നത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഝാക്കറിനെ കോൺഗ്രസ് 2 വർഷത്തേക്കു സസ്പെൻഡ് ചെയ്തു. ഈ നടപടിക്കു പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുന്നത്. മുൻ ലോക്സഭാ സ്പീക്കർ ആയിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറുടെ മകനായ സുനിൽ ഇപ്പോൾ ബിജെപിയിലാണ്.
ആർ.പി.എൻ. സിങ്
ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് 2022ൽ പ്രമുഖ നേതാവ് ആർ.പി.എൻ. സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തതോടെ തന്നെ ഒതുക്കിയെന്ന് ആരോപിച്ചാണു മുൻ കേന്ദ്രമന്ത്രി കൂടിയായ സിങ് പാർട്ടി വിട്ടത്.
ജ്യോതിരാദിത്യ സിന്ധ്യ
പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യയുടെ നിര്യാണശേഷമാണു മകൻ ജ്യോതിരാദിത്യ സിന്ധ്യ മുൻനിര യുവനേതാവായി തിളങ്ങിയത്. 2020 ജൂലൈയിൽ മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അനുയായികൾക്കൊപ്പം ബിജെപിയിൽ ചേക്കേറി. ഇത് ബിജെപിക്ക് മധ്യപ്രദേശിൽ ഭരണം ഉറപ്പിക്കാനും സഹായകമായി. ഇപ്പോൾ കേന്ദ്രമന്ത്രിയാണ്.
ജിതിൻ പ്രസാദ
കോൺഗ്രസിനെ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി23 സംഘത്തിലെ പ്രമുഖനായിരുന്നു എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ. മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദിന്റെ മകനാണ്. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായി അറിയപ്പെട്ട പ്രസാദ, 2021 ജൂണിൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപിയിൽ ചേർന്നത്.
അൽപേഷ് ഠാക്കൂർ
ഗുജറാത്തിലെ രാധൻപുരിൽ കോൺഗ്രസ് എംഎൽഎയായിരുന്ന അൽപേഷ്, 2019ലാണ് ബിജെപിയിൽ ചേരുന്നത്. ഇതിനു പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് മത്സരിച്ച് തോറ്റെങ്കിലും കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഗാന്ധിനഗർ സൗത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ ജയിച്ചു.
അനിൽ ആന്റണി
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ആക്രമണം മൂർച്ചപ്പെടുത്തുമ്പോഴാണ്, മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ടത്. ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുക്കൽ ‘ബുദ്ധിമുട്ടേറിയതായിരുന്നു എങ്കിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ അതേ മാർഗമുണ്ടായിരുന്നുള്ളൂ’ എന്നാണ് അനിലിന്റെ വിശദീകരണം. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അനിലിന്റെ ബിജെപി പ്രവേശനം.