‘91 വയസ്സായി, ആരോഗ്യ പ്രശ്നങ്ങളുണ്ട്’: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ദേവെഗൗഡ
Mail This Article
ബെംഗളൂരു∙ 91 വയസ്സായെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഏക സീറ്റായ ഹാസൻ നിലനിർത്താൻ എച്ച്.ഡി.ദേവെഗൗഡ തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെയാണ് പ്രതികരണം.
രാജ്യസഭാംഗമായി 2.5 വർഷത്തെ കാലാവധി ബാക്കിയുണ്ട്. ദീർഘദൂര യാത്രകൾ നടത്താൻ ആരോഗ്യപ്രശ്നങ്ങൾ അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ കർണാടകയിൽ പ്രചാരണത്തിനിറങ്ങും. ദളിനൊപ്പം ബിജെപി സ്ഥാനാർഥികളുടെയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. മകനും ദൾ സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല. കൊച്ചുമകനും സിറ്റിങ് എംപിയുമായ പ്രജ്ജ്വൽ രേവണ്ണ ഹാസനിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്ജ്വലിനെ ആശീർവദിച്ചിട്ടുണ്ടെന്നും ദേവെഗൗഡ പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ദൾ സഖ്യത്തിന്റെ സ്ഥാനാർഥിയായി തുമക്കൂരുവിൽ മത്സരിച്ച ഗൗഡ ബിജെപിയിലെ ജി.എസ്. ബസവരാജിനോടു 13,339 വോട്ടിന് പരാജയപ്പെട്ടിരുന്നു. തുടർന്ന് 2020 ജൂണിൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ദൾ–ബിജെപി സീറ്റു ചർച്ച അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.