ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ.എസ്.ശർമിളയെ നിയമിച്ചേക്കുമെന്ന് അഭ്യൂഹം
Mail This Article
അമരാവതി∙ ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചു. അടുത്തിടെ കോൺഗ്രസിൽ ചേർന്ന വൈ.എസ്.ശർമിളയെ അധ്യക്ഷയായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2022 നവംബറിലാണ് ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ഗിഡുഗു നിയമിതനായത്. ജനുവരി 20 മുതൽ വോട്ടർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകേണ്ടിയിരുന്ന രാജു, കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രാജിക്കത്ത് നൽകിയതെന്നാണ് റിപ്പോർട്ട്. കാരണം വ്യക്തമാക്കിയിട്ടില്ല. രാജി സംബന്ധിച്ച് പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു. അവിഭക്ത ആന്ധ്രപ്രദേശിലെ എംഎൽസിയായ അദ്ദേഹം നേരത്തെ ഒഡീഷയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു.
ഈ മാസം ആദ്യമാണ്, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ.എസ്.ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച്, കോൺഗ്രസിൽ ചേർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്ന് നേരത്തേമുതൽ അഭ്യൂഹമുണ്ട്.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ലാണ് തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയത്. വൈഎസ്ആറിന്റെ മരണശേഷം കോൺഗ്രസുമായി പിണങ്ങി ജഗൻ രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസിൽ കൺവീനറായിരുന്നു ശർമിള. സഹോദരനുമായുണ്ടായ അസ്വാരസ്യത്തെത്തുടർന്നാണു സ്വന്തം പാർട്ടിയുണ്ടാക്കിയത്.