ദിവ്യ പഹൂജയെ വെടിവച്ചത് പോയിന്റ് ബ്ലാങ്കിൽ നിന്ന്; തലയിൽനിന്നു വെടിയുണ്ട പുറത്തെടുത്തു
Mail This Article
ന്യൂഡൽഹി∙ വെടിയേറ്റു കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്. ദിവ്യയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തതു തൊട്ടടുത്തുനിന്നാണെന്നും തലയിൽനിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. നാല് ഡോക്ടർമാർ ചേർന്നാണു ദിവ്യ പഹൂജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നടപടികൾക്കു പിന്നാലെ മൃതദേഹം കുടുംബത്തിനു കൈമാറി.
ജനുവരി രണ്ടിനു കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹം 11 ദിവസങ്ങൾക്കുശേഷം ഹരിയാനയിലെ തോഹാനയിലെ ഒരു കനാലിൽനിന്നുമാണു കണ്ടെത്തിയത്. സിറ്റി പോയിന്റ് ഹോട്ടൽ ഉടമ അഭിജിത്ത് സിങ് (56) ആണ് കേസിലെ മുഖ്യപ്രതി. ഇതേ ഹോട്ടലിൽ വച്ചു തന്നെയാണു കൊലപാതകം നടന്നതും. അഭിജിത്ത് സിങ് ഉൾപ്പെടെ അഞ്ചുപേരെയാണു കേസിൽ പൊലീസ് പിടികൂടിയത്. അഭിജിത്ത് സിങ്, ഓംപ്രകാശ്, ഹേംരാജ്, മേഘ, ബാൽരാജ് ഗിൽ എന്നിവരാണു പിടിയിലായത്. ദിവ്യയുടെ വസ്തുക്കളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മേഘയാണ് ഒളിപ്പിച്ചത്. ബാൽരാജ് ഗിൽ ആണ് മൃതദേഹം ഒളിപ്പിച്ചത്. ബിഎംഡബ്ല്യു കാറിൽ മൃതദഹേം മാറ്റാൻ സഹായം ചെയ്ത രവി ബാങ്ക ഒളിവിലാണ്.
2016ലെ ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി 6ന് മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചുനടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോലി കൊല്ലപ്പെട്ട സംഭവത്തിൽ ദിവ്യ, ദിവ്യയുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് പ്രതിചേർത്തിരുന്നു. ഇവർക്ക് കഴിഞ്ഞ വർഷം ജൂണിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.