ADVERTISEMENT

ന്യൂഡൽഹി∙ മൂടൽ മഞ്ഞ് മൂലം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ മുടങ്ങിയതിൽ വിശദീകരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭാവിയിൽ വിമാന സർവീസുകൾ മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. 

‘‘കഴിഞ്ഞ ദിവസം ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞാണുണ്ടായത്. ഇത് കാഴ്ച പരിധി കുറച്ചു. പുലർച്ചെ 5 മുതൽ രാവിലെ 9 വരെ തീർത്തും ദുഷ്കരമായി. സിഎടി III റൺവേകളിൽപ്പോലും കുറച്ച് സമയത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തത്. സമീപ ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നടപടി സ്വീകരിക്കും.

സിഎടിയുടെ നാലാമത്തെ റൺവേ പ്രവർത്തനക്ഷമമാക്കുന്നത് ത്വരിതപ്പെടുത്താൻ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലമുള്ള വിമാന റദ്ദാക്കലും കാലതാമസവും കണക്കിലെടുത്ത് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന്, മികച്ച ആശയവിനിമയത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിനും വിമാന കമ്പനികൾക്ക് നിർദേശം നൽകും. 

ദുഷ്‌കരമായ ഈ സമയത്ത് ‍ഞങ്ങളോടൊപ്പം നിൽക്കാൻ എല്ലാ യാത്രക്കാരോടും അഭ്യർഥിക്കുകയാണ്. എല്ലാവരും യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ അനിയന്ത്രിതമായി പെരുമാറുന്ന സംഭവങ്ങൾ അസ്വീകാര്യമാണ്. നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി അത്തരക്കാരെ നേരിടും. മൂടൽമഞ്ഞുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് അധികൃതർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് താൻ ഉറപ്പു നൽകുന്നു’’–ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചു. 

ഇന്നലെ മൂടൽ മഞ്ഞ് കനത്തതോടെ ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വൈകി. ഏതാനും സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്. ഇതിനിടെ യാത്രക്കാരൻ പൈലറ്റിനെ കയ്യേറ്റം ചെയ്യുന്ന സംഭവവുമുണ്ടായി. 

English Summary:

Aviation Minister J Scindia On Airport Chaos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com