വിദ്വേഷ പ്രസംഗം: ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെയ്ക്കെതിരെ കേസ്, വിവാദം ഏറ്റുപിടിക്കാതെ ബിജെപി
Mail This Article
ബെംഗളൂരു∙ ബാബറി മസ്ജിദിന്റെ മാതൃകയിൽ കൂടുതൽ മുസ്‌ലിം ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി വീണ്ടെടുക്കുന്നതു വരെ ഹൈന്ദവ സമൂഹം വിശ്രമിക്കില്ലെന്നു വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ദക്ഷിണകന്നഡയിലെ ഭട്കൽ, ഉത്തര കന്നഡയിലെ സിർസി, മണ്ഡ്യയിലെ ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളാണ് മസ്ജിദുകളാക്കി മാറ്റിയതെന്നാണ് എംപിയുടെ വാദം. അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് കുംതയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്.
കോൺഗ്രസല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബിജെപിയുടെ എതിർപക്ഷത്ത്. മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ മനോഭാവത്തെയാണ് ബിജെപി എതിർക്കുന്നതെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഭരണഘടന മാറ്റണമെന്നു പറഞ്ഞയാളാണ് അനന്ത്കുമാർ ഹെഗ്ഡെ എന്നും അതിനപ്പുറത്തെ സംസ്കാരം ഹെഗ്ഡെയിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
അതേസമയം, വിവാദം ഏറ്റുപിടിക്കാൻ ബിജെപി നേതൃത്വം തയാറായില്ല. ഇത് അനന്തകുമാർ ഹെഗ്ഡെയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കേണ്ട സമയമല്ലെന്നും മുൻ ഉപമുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ സി.എൻ.അശ്വത്ഥനാരായണ പറഞ്ഞു. അസുഖത്തെ തുടർന്നു പൊതുരംഗത്തുനിന്നു മാറിനിന്നിരുന്ന അനന്ത് കുമാർ ഹെഗ്ഡെ കഴിഞ്ഞ ദിവസങ്ങളിലാണു വീണ്ടും സജീവമായത്. ദക്ഷിണ കന്നഡയിൽ നിന്ന് ഹെഗ്ഡെയെ വീണ്ടും ലോക്സഭയിലേക്കു മത്സരിപ്പിക്കേണ്ടതില്ലെന്നു ബിജെപിയിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.