ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തലിൽ പി.രാജീവിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ലോൺ കൊടുക്കാൻ പറഞ്ഞെങ്കിൽ അതാണോ രാജ്യം കണ്ട ഏറ്റവും വലിയ കുറ്റമെന്ന് ജയരാജൻ ചോദിച്ചു. കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രിയായ പി.രാജീവിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘‘പി.രാജീവിന്റെ വീട് തൃശൂരാണ്. പിന്നീടാണ് അദ്ദേഹം എറണാകുളം ജില്ലക്കാരനായത്. അദ്ദേഹത്തിന്റെ പ്രദേശത്താണ് കരുവന്നൂർ. വർഷങ്ങൾക്കു മുൻപ് പി.രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് വായ്‌പയ്‌ക്ക് ശുപാ‍ർശ ചെയ്തോയെന്ന് എനിക്ക് അറിയില്ല. ഇനി ആവശ്യപ്പെട്ടെങ്കിൽത്തന്നെ അതിലെന്താണ് തെറ്റ്? അതാണോ രാജ്യത്തെ എറ്റവും വലിയ കുറ്റം.

‘‘കരുവന്നൂർ ബാങ്ക് എന്ന് പറയുന്നത് ഒരു പ്രദേശത്തിന്റെ പ്രശ്നമല്ലേ? അത് കേരളത്തിന്റെയാകെ രാഷ്ട്രീയ പ്രശ്നമാണോ? കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രിയായ പി.രാജീവിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇ.ഡി പലതും പരിശോധിക്കുമ്പോൾ പറഞ്ഞതാകാം. ഇങ്ങനെ എന്തെല്ലാം ഇ.ഡി പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞതുകൊണ്ട് കുറ്റക്കാരനാക്കാനാണ് ശ്രമം.’’–‌ ജയരാജൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ  പി.രാജീവ്, സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീൻ, പാലോളി മുഹമ്മദ്‌കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നാണ് മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ മൊഴി നൽകിയെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യംചെയ്ത് കേസിലെ പ്രതി അലി നൽകിയ ഹർജിയില്‍ നൽകിയ എതിർ സത്യവാങ്മൂലത്തിലായിരുന്നു ഇ.ഡിയുടെ വെളിപ്പെടുത്തൽ. ഹർജി രണ്ടാഴ്ചയ്ക്കുശേഷം കോടതി പരിഗണിക്കും. 

English Summary:

E.P.Jayarajan against E.D.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com