സനാതന ധർമത്തിനെതിരായ പരാമർശം: ഉദയനിധി സ്റ്റാലിന് ബിഹാർ കോടതിയുടെ സമൻസ്; ഫെബ്രുവരി 13ന് ഹാജരാകണം
Mail This Article
പട്‌ന∙ സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. പട്‌ന ഹൈക്കോടതി അഭിഭാഷകനായ കൗശലേന്ദ്ര നാരായൺ, മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം ചെന്നൈയിൽ നടന്ന തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു പരാമർശം. ഉദയനിധിയുടെ പരാമർശം ഹിന്ദുമതത്തിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.